ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യന്‍ നിര്‍മിത ലഘുയുദ്ധവിമാനം ‘തേജസ്’ തകര്‍ന്നു മരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു കൊണ്ടുപോകും. ഭാര്യ അഫ്സാനും വ്യോമസേനയിലെ പൈലറ്റാണ്. നമാംശ് സ്യാലിന്റെ മാതാപിതാക്കള്‍ കോയമ്പത്തൂരിലെ സുളൂര്‍ വ്യോമത്താവളത്തിലാണ് ഉള്ളത്. പിതാവ് ജഗന്നാഥ് സ്യാല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തു. പ്രിന്‍സിപ്പലായാണ് വിരമിച്ചത്.
തേജസ് തകര്‍ന്നു വീണ സംഭവത്തില്‍ വ്യോമസേന അന്വേഷണം തുടങ്ങി. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടത്തി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ജയ്സല്‍മേറില്‍ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുമായി രാജ്നാഥ് സിങ് അപകടത്തെക്കുറിച്ചു സംസാരിച്ചു.
തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായില്‍ നടന്നത്. ദുബായ് എയര്‍ ഷോയുടെ അവസാന ദിനം ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരണ്‍ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയര്‍ ഷോ വേദി മൂകമായി. രക്ഷാപ്രവര്‍ത്തകര്‍ അതിവേഗം അപകട സ്ഥലത്തെത്തി വിമാനത്തിലെ തീ അണച്ചു. ഏകദേശം 2 രണ്ടു മണിക്കൂര്‍ നിര്‍ത്തിയശേഷം എയര്‍ ഷോ വീണ്ടും തുടങ്ങി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12നു രാജസ്ഥാനിലെ ജയ്സല്‍മേറില്‍ നടന്ന സൈനിക അഭ്യാസപ്രകടനത്തിനിടെയാണ് തേജസ് തകര്‍ന്നത്. വിമാനത്തിന്റെ ഓയില്‍ പമ്പിലെ തകരാറിനാല്‍ എന്ജിന് പ്രവര്‍ത്തനം തടസപ്പെട്ടതാണ് കഴിഞ്ഞ വര്‍ഷത്തെ അപകടത്തിനു കാരണമായതെന്നാണു കരുതപ്പെടുന്നത്. ഒറ്റ എന്‍ജിനുള്ള വിമാനമാണു തേജസ്.
2 പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ സ്വപ്നമായിരുന്ന ലൈറ്റ് കോംബാറ്റ് വിമാനം തേജസ് 2016 ജൂലൈയിലാണു വ്യോമസേനയിലെത്തിയത്. 1985ല്‍ ഡിആര്‍ഡിഒ തുടങ്ങിയ പദ്ധതി പരീക്ഷണങ്ങള്‍ക്കൊടുവില്‍ ബെംഗളൂരു ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനു(എച്ച്എഎല്‍) കൈമാറി. യുഎസ് നിര്‍മിത ജിഇ 404 എന്ജിന് കരുത്ത് പകരുന്ന വിമാനത്തിന്റെ 70 ശതമാനവും ഇന്ത്യന്‍ നിര്‍മിതമാണ്.
40 തേജസ് എംകെ1 ജെറ്റുകളാണു വ്യോമസേനയ്ക്കു കൈമാറിയിരുന്നത്. ഇവ രണ്ടു സ്ക്വാഡ്രണുകളിലായാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപകടത്തിനു പിന്നാലെ എല്ലാ തേജസ് വിമാനങ്ങളിലും പരിശോധന പൂര്‍ത്തിയാക്കി സുരക്ഷിതമെന്നു വീണ്ടും ഉറപ്പാക്കിയിരുന്നു. 2021 ഫെബ്രുവരിയില്‍ 83 തേജസ് കൂടി വാങ്ങാന്‍ ധാരണയായിരുന്നു.




