പനജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. നവംബര്‍ 20 മുതല്‍ ആരംഭിച്ച മേളയില്‍ 15 സിനിമകളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സുവര്‍ണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്. ആസിഫ് അലി നായകനായി തമര്‍ കെ.വി സംവിധാനം ചെയ്ത സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരന്‍, സന്തോഷ് ധവകറിന്റെ ഗോന്ധല്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകള്‍. സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്റയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍.
ശ്യാമപ്രദാസ് മുഖര്‍ജി ഓഡിറ്റോയത്തില്‍ വൈകീട്ട് നാല് മണിമുതല്‍ സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകും. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വാര്‍ത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമുഖ ഇന്ത്യന്‍ സിനിമാ താരങ്ങളും കലാകാരന്മാരും അണിനിരക്കുന്ന കലാപ്രകടനങ്ങളും അരങ്ങേറും. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭവനകള്‍ക്ക് നടന്‍ രജനികാന്തിനെ ചടങ്ങില്‍ ആദരിക്കും. ആമിര്‍ ഖാനും ചടങ്ങില്‍ പങ്കെടുത്തേക്കും.
മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും നാല്‍പ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായിക/ സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായിക/സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരമുണ്ട്. മികച്ച നവാഗത സംവിധായകര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് എ.ആര്‍.എം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാല്‍ മത്സരിക്കുന്നുണ്ട്. ഒടിടിയിലെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവും മികച്ച വെബ് സീരീസിനും പുരസ്‌കാരമുണ്ട്.
തായ്ലന്‍ഡില്‍ നിന്നുള്ള ചിത്രം ‘എ യൂസ്ഫുള്‍ ഗോസ്റ്റ്’ ആണ് മേളയുടെ സമാപന ചിത്രം. രാച്ചപൂം ബൂംബുന്‍ചാച്ചോക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേളയുടെ എട്ടാം ദിനമായ ഇന്ന് ഫയര്‍ സൈഡ് ചാറ്റ് എന്ന പരിപാടിയില്‍ ആമിര്‍ ഖാന്‍ സംസാരിച്ചു. കലാ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ഭരദ്വാജ് രംഗനൊപ്പമാണ് ആമിര്‍ ഖാന്‍ പങ്കെടുത്തത്.
മേളയില്‍ കഴിഞ്ഞ ദിവസം മികച്ച പ്രതികരണം നേടി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എ.ആര്‍.എം. നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. സ്പാനിഷ് ചിത്രം എ പോയറ്റ്, മലയാള ചിത്രം സര്‍ക്കീട്ട് എന്നീ ചിത്രങ്ങളായിരുന്നു അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയത്.




