ബാങ്കോക്ക്: കംബോഡിയയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി തായ്ലന്‍ഡ്. ആക്രമണത്തില്‍ ഒരു തായ് സൈനികന്‍ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഒപ്പിട്ട സമാധാന കരാറില്‍നിന്നാണ് ഇരു രാജ്യങ്ങളും പിന്‍മാറിയത്. കരാര്‍ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുന്നയിച്ചു.
ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ആദ്യം സംഘര്‍ഷമുണ്ടായത്. 43 പേര്‍ കൊല്ലപ്പെട്ടു. 3 ലക്ഷംപേര്‍ക്ക് വീടുകള്‍ നഷ്ടമായി. കംബോഡിയന്‍ സൈന്യം ഇന്നുണ്ടായ ആക്രമണം സ്ഥിരീകരിച്ചു. പുലര്‍ച്ചെ തായ് സൈന്യം കംബോഡിയന്‍ സൈന്യത്തെ ആക്രമിച്ചതായി അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും, യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു. ഏഷ്യയില്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബര്‍ 26ന് തായ്ലന്‍ഡും കംബോഡിയയും സമാധാന കരാര്‍ ഒപ്പിട്ടത്. തായ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് തായ്ലന്‍ഡ് കരാറില്‍നിന്ന് പിന്‍മാറിയത്.
ആഗോള റാങ്കിങ് അനുസരിച്ച് സൈനിക ശേഷിയില്‍ ഇരുപത്തഞ്ചാം സ്ഥാനമാണ് തായ്ലന്‍ഡിന്. കംബോഡിയയ്ക്ക് തൊണ്ണൂറ്റിയഞ്ചാം സ്ഥാനവും. തായ്ലന്‍ഡും കംബോഡിയയുമായി 817 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്. അതിര്‍ത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‌ലന്‍ഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് സംഘര്‍ഷം.
അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാനായി കംബോഡിയന്‍ സെനറ്റ് പ്രസിഡന്റ് ഹുന്‍ സായെനിനെ ഫോണില്‍ ബന്ധപ്പെട്ട തായ്‌ലന്‍ഡ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കിയിരുന്നു. ഹുന്‍ സായെനിനെ ‘അങ്കിള്‍’ എന്ന് ഷിനവത്ര വിളിച്ചതും തായ് സൈനിക ജനറലിനെ ഫോണ്‍ സംഭാഷണത്തില്‍ കുറ്റപ്പെടുത്തിയതുമാണ് കാരണം. ഫോണ്‍ സംഭാഷണം ചോര്‍ന്നതിനു പിന്നാലെയായിരുന്നു പുറത്താക്കല്‍.




