Thursday, April 9, 2026
Google search engine
HomeNewsNational News'ഇന്ത്യ എന്റെ വീടു പോലെ', ഇന്‍ഡിഗോയെ നിയന്ത്രിക്കുന്ന ഡച്ചുകാരന്‍; പ്രതിസന്ധിക്കു നടുവില്‍ കൈകൂപ്പിയ വ്യോമയാന വിദഗ്ധന്‍

‘ഇന്ത്യ എന്റെ വീടു പോലെ’, ഇന്‍ഡിഗോയെ നിയന്ത്രിക്കുന്ന ഡച്ചുകാരന്‍; പ്രതിസന്ധിക്കു നടുവില്‍ കൈകൂപ്പിയ വ്യോമയാന വിദഗ്ധന്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളം തെറ്റിയതിനു പിന്നാലെ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ നീക്കം ചെയ്യുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വീഴ്ച സംഭവിച്ചത് ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നാണ് എന്ന് വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്‍ഡിഗോ സിഇഒ തുറന്നുസമ്മതിച്ചിരുന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാനെത്തിയതിനു പിന്നാലെ വ്യോമയാന മന്ത്രി രാം മനോഹര്‍ നായിഡുവിനു മുന്നില്‍ കൈ കൂപ്പുന്ന പീറ്റര്‍ എല്‍ബേഴ്‌സിന്റെ ചിത്രവും പുറത്തുവന്നു. ആരാണ് ഈ പീറ്റര്‍ എല്‍ബേഴ്‌സ് ?

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഡച്ചുകാരനായ സിഇഒ ആണ് പീറ്റര്‍ എല്‍ബേഴ്സ്. നിലവില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഗുഡ്ഗാവിലെ ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. 55 കാരനായ എല്‍ബേഴ്സ് ഒരു വ്യോമയാന വിദഗ്ധനാണ്. ഇന്‍ഡിഗോയില്‍ ചേരുന്നതിനു മുന്‍പ്, 2014 മുതല്‍ 2022 വരെ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സിന്റെ സിഇഒ ആയിരുന്നു.

1970ല്‍ നെതര്‍ലാന്‍ഡ്സിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയിലാണ് എല്‍ബേഴ്സ് ജനിച്ചത്. വെന്‍ലോയിലെ ഫോണ്ടിസ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസില്‍ പഠിച്ച അദ്ദേഹം അവിടെ ലോജിസ്റ്റിക്സ് മാനേജ്മെന്റില്‍ ബിരുദം നേടി. ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് നെതര്‍ലാന്‍ഡ്സില്‍ നിന്ന് എംബിഎയില്‍ ബിരുദവും നേടി.

1992 ല്‍ ഡച്ച് എയര്‍ലൈന്‍ ആയ കെഎല്‍എമ്മില്‍ നിന്നാണ് എല്‍ബേഴ്സ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എയര്‍ക്രാഫ്റ്റ് ലോഡിങ് സൂപ്പര്‍വൈസറായിട്ടായിരുന്നു ആദ്യ ജോലി. ആറ് വര്‍ഷത്തിനുള്ളില്‍, നെതര്‍ലാന്‍ഡ്സിലും ജപ്പാന്‍, ഗ്രീസ്, ഇറ്റലി എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലും നിരവധി മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിച്ചു. 2005 ല്‍, കെഎല്‍എമ്മിലെ നെറ്റ്വര്‍ക്ക് ആന്റ് അലയന്‍സുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനായി.
2011ല്‍ കെഎല്‍എമ്മിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാനേജിങ് ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനു ശേഷം, അദ്ദേഹം എയര്‍ലൈനിന്റെ പ്രസിഡന്റും സിഇഒയുമായി സ്ഥാനക്കയറ്റം നേടി. 2022 ജൂണില്‍, വിരമിച്ച റോണോജോയ് ദത്തയ്ക്ക് പകരമായി എല്‍ബേഴ്സിനെ പുതിയ സിഇഒ ആയി നിയമിച്ചതായി ഇന്‍ഡിഗോ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബറില്‍ എല്‍ബേഴ്സ് ഇന്‍ഡിഗോയുടെ സിഇഒ ആയി ഔദ്യോഗികമായി ചുമതലയേറ്റു.
ഇന്ത്യ ഇപ്പോള്‍ തന്റെ വീടാണെന്നാണ് പീറ്റര്‍ എല്‍ബേഴ്സ് കഴിഞ്ഞ വര്‍ഷം പറഞ്ഞത്. ”ഇന്‍ഡിഗോയുടെ ഭാഗമായതോടെ ഇപ്പോള്‍ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുകയാണ്. ഇന്‍ഡിഗോയും മനോഹരമായ രാജ്യമായ ഇന്ത്യയും എന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ത്യ ഇപ്പോള്‍ എന്റെ വീട് പോലെയാണ്” എന്നായിരുന്നു പീറ്റര്‍ എല്‍ബേഴ്‌സിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments