Thursday, September 3, 2026
Google search engine
Homeആദിവാസി സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: മന്ത്രി ഷിബു ബേബിജോൺ

ആദിവാസി സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: മന്ത്രി ഷിബു ബേബിജോൺ

ആദിവാസി സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും അതിനായി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളെ മികച്ച നിലയിൽ വിനിയോഗിക്കുമെന്നും മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. ഇഡിസികൾ മാതൃകാപരമായ നിലയിലാണ് പ്രവർത്തിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനംവകുപ്പിന്റെ ഊരുണർവ് പരിപാടിയുടെ ഭാഗമായി വളളക്കടവ് വഞ്ചിവയൽ ഉന്നതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുകയായിരുന്നു അദ്ദേഹം.

പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിൽ 14 ഇഡിസികളാണുള്ളത്. അതിൽ ആദിവാസി സമൂഹത്തിൻ്റെ ഇഡിസിയാണ് വഞ്ചിവയലിലേത്. കുരുമുളക് കൃഷി ചെയ്ത് കയറ്റി അയക്കുന്ന വികസിതമായ ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി മാതൃകയാണ് വഞ്ചിവയലിന്റെ പ്രത്യേകത. ഊരാളി ആദിവാസി സമൂഹമാണ് ഇവിടെയുള്ളത്. ഊരാളിസമൂഹത്തെ പ്രതിനിധീകരിച്ച് രാധാകൃഷ്ണൻ നിലവിലെ ഇഡിസിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വനാശ്രയത്വം കുറച്ചുകൊണ്ടു വരുന്നതിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അറിവുകളെ സംരക്ഷിച്ച്, ക്രോഡീകരിച്ചു ഉപയോഗപ്പെടുത്താൻ കഴിയണം. അതിനുള്ള സമഗ്ര പദ്ധതി വനം വകുപ്പ് ആവിഷ്കരിക്കും.

പ്രൊഫഷണൽ സ്റ്റോറും കമ്മ്യൂണിറ്റി സെന്ററും അംഗൻവാടിയും ഹെൽത്ത് ക്ലിനിക്കും ഒരു സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളാണെന്നും അത്തരം പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. ട്രക്കിങ് പോലുള്ള പദ്ധതികൾ അവിടത്തെ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി പരിമിതമായി നടപ്പാക്കാനും ആലോചനയുണ്ട്. അംഗപരിമിതർക്കുള്ളവീൽചെയർ വിതരണവും മന്ത്രി നടത്തി.

ഏലക്കമാല നൽകിയാണ് ഉന്നതിയിലെ അംഗങ്ങൾ മന്ത്രിയെ എതിരേറ്റത്.
അഡ്വ. സിറിയക് തോമസ് എംഎൽഎ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ . പ്രമോദ് ജി. കൃഷ്ണൻ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

വഞ്ചിവയൽ നിവാസികളുടെ സമഗ്രമായ ഉന്നമനവും ഒപ്പം വനത്തിന്റെ സംരക്ഷണവും ലക്ഷ്യമാക്കിക്കൊണ്ട് കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ 1998 ൽ ആരംഭിച്ചതാണ് വഞ്ചിവയൽ ട്രൈബൽ കോളനിയിലെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി.

1960കളുടെ അവസാനത്തോടുകൂടിയാണ് വഞ്ചിവയലിലെ മനുഷ്യർ സജീവമായി കാർഷികവൃത്തികളിൽ ഏർപ്പെട്ടു തുടങ്ങിയത്. ഇതിനു മുൻപ് കൃഷി ചെയ്തിരുന്ന നെല്ല് ഉൾപ്പെടെയുള്ള ഭക്ഷ്യവിളകളുടെ സ്ഥാനത്ത് കാപ്പി, കുരുമുളക്, ഏലം തുടങ്ങിയവ സ്ഥാനം പിടിച്ചു. ഉൽപ്പന്നങ്ങളുടെ വിലക്കുറവും കച്ചവടക്കാരുടെ ചൂഷണവുമായിരുന്നു ആദ്യകാലങ്ങളിൽ നേരിട്ട പ്രശ്നങ്ങൾ. 2003 ഓടുകൂടി ഇഡിസിയുടെ നേതൃത്വത്തിൽ ജൈവകൃഷി ആരംഭിക്കുകയും ഉന്നതിയിലെ പ്രധാന വിളയായ കുരുമുളക് സംഭരിച്ച് വിവിധ ഏജൻസികൾ വഴി വിപണനം നടത്താൻ ആരംഭിക്കുകയും ചെയ്തു. കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നതിനായി 2005 ൽ വഞ്ചിവയൽ ഇഡിസിയുടെ നേതൃത്വത്തിൽ ഓർഗാനിക് സർട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഓർഗാനിക് സർട്ടിഫിക്കേഷന്‍ ഉള്ള കുരുമുളകും കാപ്പിയും വിദേശത്തേക്ക് കയറ്റി അയക്കുന്ന പ്രവർത്തനങ്ങൾ ഇഡിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. തന്മൂലം വഞ്ചിവയൽ ഉന്നതിയിലെ ഉൽപ്പന്നങ്ങൾക്ക് കമ്പോള വിലയേക്കാൾ കൂടുതൽ വില ലഭിക്കുകയും വ്യാപാരികളുടെ ചൂഷണം അവസാനിക്കുകയും ചെയ്തു. ഓർഗാനിക് സർട്ടിഫിക്കേഷന്‍ പുതുക്കൽ, കുരുമുളക്, കാപ്പി എന്നിവയുടെ ശേഖരണം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ ഇഡിസി മുഖാന്തരമാണ് നടത്തുന്നത്.

വടക്കൻ മുണ്ട എന്ന തദ്ദേശീയ ഇന കുരുമുളകാണ് വഞ്ചിവേൽ ഉന്നതിയിൽ കൃഷി ചെയ്തുവരുന്നത്. കാപ്പി ഇനങ്ങൾ റോബസ്റ്റ,അറബിക്ക എന്നിവ കൃഷി ചെയ്യുന്നു. ഇവ കൂടാതെ ഇഞ്ചി മഞ്ഞൾ ഏലം തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

കാർഷിക രംഗത്ത് മാത്രമല്ല വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിലും വഞ്ചിവയൽ ഉന്നതി ഏറെ മുമ്പിലാണ്. കാർഷികവൃത്തിയിലൂടെ ലഭിച്ച സാമ്പത്തിക നേട്ടം ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അഭിവൃത്തി നേടാൻ ഉന്നതി നിവാസികൾക്ക് സാധിച്ചു. ഇതിനെത്തുടർന്ന് ധാരാളം പേർക്ക് സർക്കാർ ഉദ്യോഗം ലഭിക്കുകയും പുതിയ തൊഴിൽ മേഖലകൾ ഉണ്ടാവുകയും ചെയ്തു. നിലവിൽ 40 ഓളം പേർ സർക്കാർ മേഖലയിൽ വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്നു. കൃഷിയും വനസംരക്ഷണവും മാത്രം മുറുകെപ്പിടിച്ച്, പ്രകൃതിയെ ചൂഷണം ചെയ്യാതെയാണ് വഞ്ചിവയൽ നിവാസികൾ ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. വഞ്ചിവയൽ നിവാസികളുടെ ഉന്നമനത്തിനായി ധാരാളം പദ്ധതികൾ നടപ്പിലാക്കാൻ ഇക്കാലയളവിൽ വനം-വന്യജീവി വകുപ്പിനും സാധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments