മയക്കുമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന ആദ്യ കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറിയിരിക്കുകയാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളുമായും തനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചിരിക്കുകയാണ്.
കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്നാണ് വി.ഡി. സതീശൻ തുറന്നുപറഞ്ഞിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഹുസൈനുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്നും, വീട്ടിൽ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. സമരത്തിനിടെ പരിക്കുപറ്റി കിടന്നപ്പോൾ ആശ്വസിപ്പിക്കാനാണ് ഫോണിൽ വിളിച്ചതും വീട്ടിൽ പോയതുമെന്ന സതീശന്റെ വാദം തികച്ചും വ്യാജമാണ്. ഹുസൈൻ പങ്കുവെച്ച വീഡിയോകളിൽ അത്തരമൊരു പരിക്കിന്റെ ലക്ഷണങ്ങളുമില്ല.
പ്രതിക്ക് കോൺഗ്രസുമായി ബന്ധമില്ലെന്നും ഭാരവാഹിയല്ലെന്നും പറഞ്ഞ് വിഷയം ലളിതവത്കരിക്കാൻ ശ്രമിച്ച എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ വാദങ്ങൾ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞുവീണിരിക്കുകയാണ്. എന്നാൽ ഇതിന് വിപരീതമായി ഹുസൈനെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അറിയിച്ചതിൽ നിന്ന് തന്നെ ലഹരിക്കേസ് പ്രതിയെ സംരക്ഷിക്കാനുള്ള കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്.
നാടിനെ തകർക്കുന്ന ലഹരി മാഫിയയുമായി ഭരണപക്ഷത്തെ ഉത്തരവാദപ്പെട്ടവർ പുലർത്തുന്ന ഈ ബന്ധം അങ്ങേയറ്റം അപലപനീയമാണെന്നും ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.



