കാഠ്മണ്ഡു: സാമൂഹികമാധ്യമനിരോധനവും രാജ്യത്താകെ പടര്‍ന്നുപിടിക്കുന്ന അഴിമതിയുമായിരുന്നു നേപ്പാളിലെ യുവജന പ്രതിഷേധത്തിന് തിരികൊളുത്തിയത്. ജെന്‍ സി പ്രതിഷേധമെന്ന് വിശേഷിപ്പിക്കപ്പെട്ട കലാപം നേപ്പാള്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്തു. സാധാരണക്കാരായ നേപ്പാളി യുവാക്കള്‍ തൊഴിലില്ലായ്മയും കുതിച്ചുയരുന്ന പണപ്പെരുപ്പവും കൊടുംദാരിദ്ര്യവും കൊണ്ട് വലയുമ്പോള്‍ രാഷ്ട്രീയക്കാരുടെ മക്കളും ബന്ധുക്കളും ആഡംബരങ്ങളില്‍ മതിമറന്നുല്ലസിക്കുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ആഡംബര ജീവിതശൈലി പിന്തുടര്‍ന്ന രാഷ്ട്രീയക്കാരുടെ ‘നെപ്പോകിഡ്സി’ന്റെ ചിത്രങ്ങള്‍ രൂക്ഷവിമര്‍ശനത്തോടെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘പൊളിറ്റീഷ്യന്‍സ് നെപ്പോ ബേബി നേപ്പാള്‍’, ‘നെപ്പോ ബേബീസ്’ തുടങ്ങിയ ഹാഷ് ടാഗുകളോടെ നൂറുകണക്കിന് ചിത്രങ്ങളാണ് ഇതിനകംതന്നെ ഇന്‍സ്റ്റഗ്രാം, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആഡംബര കാറുകള്‍, വിലയേറിയ വസ്ത്രങ്ങള്‍, വിദേശത്തെ അത്യാഡംബര ഹോട്ടലുകളില്‍നിന്ന് ഭക്ഷണംകഴിക്കുന്നതിന്റെയും അവധിക്കാലം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ എന്നിവയൊക്കെ പുറത്തെത്തിയിട്ടുണ്ട്.
മുന്‍ മിസ് നേപ്പാളും മുന്‍ ആരോഗ്യമന്ത്രിയുമായ ശൃംഘല ഖടിവാഡ, മുന്‍പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദിയുബയുടെ മരുമകളും ഗായികയുമായ ശിവന ശ്രേഷ്ഠ, കമ്യൂണിസ്റ്റി പാര്‍ട്ടി നേതാവും മുന്‍പ്രധാനമന്ത്രിയുമായ പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ കൊച്ചുമകള്‍ സ്മിത ദഹല്‍, നിയമ മന്ത്രി ബിന്ദു കുമാര്‍ ഥാപയുടെ മകന്‍ സൗഗത് ഥാപ തുടങ്ങി പല നെപ്പോ കിഡുകളുടെയും ആഡംബരജീവിതശൈലി പ്രതിഷേധക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചുകഴിഞ്ഞു.




