വാഷിങ്ടന്‍: ചാര്‍ലി കിര്‍ക്ക് വധക്കേസില്‍ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്ബിഐ).
പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ചിത്രങ്ങളും വിഡിയോകളും എഫ്ബിഐ പുറത്തുവിട്ടു. ബേസ് ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലെ ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കോളജ് വിദ്യാര്‍ഥിയുടെ പ്രായം മാത്രമേ പ്രതിക്കുണ്ടാകൂവെന്നാണ് നിഗമനം.
യൂട്ടാ സര്‍വകലാശാലയിലെ കെട്ടിടത്തിനു മുകളിലൂടെ ഓടുന്ന പ്രതിയുടെ വിഡിയോയും എഫ്ബിഐ പങ്കുവച്ചു. വ്യാഴാഴ്ചയാണ് യൂട്ടാവാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ സംസാരിക്കുന്നതിനിടെ വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപിന്റെ കടുത്ത അനുയായിയുമായ കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിനു മുകളില്‍ ഇടതുമൂലയില്‍നിന്ന് വലത്തേക്ക് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ഓടിപ്പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കുചാടുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാള്‍ ഓടിപ്പോയ വഴിയില്‍നിന്നാണ് പൊലീസിന് ഉപേക്ഷിച്ച നിലയില്‍ അക്രമിയുടെ തോക്ക് ലഭിച്ചത്.
പ്രതിയുടെ ഇടതു കൈപ്പത്തിയുടെയും ഷൂസിന്റെയും അടയാളങ്ങള്‍ കെട്ടിടത്തില്‍ പതിഞ്ഞിട്ടുണ്ട്. ഇതില്‍നിന്ന് പ്രതിയുടെ ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കുമെന്ന് യൂട്ടാ പൊതുസുരക്ഷ വിഭാഗം കമ്മിഷണര്‍ ബ്യൂ മേസണ്‍ പറഞ്ഞു.




