തിരുവനന്തപുരം: മറുനാടന്‍ തൊഴിലാളികള്‍ക്കായി ബിജെപിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കുന്നു. പോഷക സംഘടനകളായ വിവിധ മോര്‍ച്ചകള്‍ക്കു പുറമേ പാര്‍ട്ടിക്കു കീഴിലുള്ള സെല്ലുകളുടെ കൂട്ടത്തില്‍, ‘മൈഗ്രന്റ് വര്‍ക്കേഴ്‌സ് സെല്‍’ രൂപവത്കരിക്കാനാണ് തീരുമാനം. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ വി.കെ. സജീവനാണ് ചുമതല.
ബംഗാള്‍, അസം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പ്രധാന കക്ഷിയായി വളര്‍ന്ന സാഹചര്യത്തിലാണ് അവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതത് സംസ്ഥാനങ്ങളിലെ പാര്‍ട്ടിനേതൃത്വവുമായി ആശയവിനിമയം നടത്തി കേരളത്തിലേക്ക് വന്നിട്ടുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കും.
ലീഗല്‍ സെല്‍, മെഡിക്കല്‍ സെല്‍, ഇന്റലക്ച്വല്‍ സെല്‍, പ്രവാസി സെല്‍ തുടങ്ങി 20 സെല്ലുകള്‍ ബിജെപിക്ക് ഇപ്പോഴുണ്ട്. മറുനാടന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പുതിയ സെല്‍ വരുന്നത്. ജില്ലാ ഘടകങ്ങള്‍വരെ മാത്രമുള്ള ഈ സെല്ലുകള്‍ക്ക് താഴേത്തട്ടില്‍വരെ ഘടകങ്ങള്‍ രൂപവത്കരിക്കാനും ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി തീരുമാനിച്ചു. പരസ്യമായി രാഷ്ട്രീയമില്ലാത്ത പ്രമുഖരെ പാര്‍ട്ടിനേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായി സെല്ലുകളെ മാറ്റുകയാണ് ലക്ഷ്യം.
ഓരോ സെല്ലിനും സംസ്ഥാനത്ത് ഒരു കണ്‍വീനര്‍, രണ്ട് കോ-കണ്‍വീനര്‍മാര്‍, പത്ത് അംഗങ്ങള്‍ എന്നിങ്ങനെ 13-അംഗ കമ്മിറ്റിയാണ് നിലവില്‍വരിക. ജില്ലാ-മണ്ഡലംതലത്തിലും അതത് തൊഴില്‍മേഖലയിലുള്ളവരെ കണ്ടെത്തി സെല്ലുകള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. ജില്ലാതലത്തില്‍ ഒരു കണ്‍വീനര്‍, ഒരു കോ-കണ്‍വീനര്‍, ഏഴ് അംഗങ്ങള്‍, മണ്ഡലംതലത്തില്‍ ഒരു കണ്‍വീനര്‍, ഒരു കോ-കണ്‍വീനര്‍, അഞ്ച് അംഗങ്ങള്‍ എന്നിങ്ങനെയുമാണ് സെല്ലുകളുടെ ഘടന. പഞ്ചായത്ത്തലംമുതല്‍ സംസ്ഥാനതലംവരെ പാര്‍ട്ടിച്ചുമതല വഹിച്ചിരുന്ന 500-ഓളം മുന്‍ നേതാക്കള്‍ക്ക് ഭാരവാഹിത്വം നല്‍കാനും ഇതുവഴി സാധിക്കും.




