കണ്ണൂര്‍: വെടിയേറ്റ ശരീരവുമായി 28 വര്‍ഷം തളര്‍ന്നുകിടന്ന പുതുച്ചേരി പോലീസിന്റെ അഭിമാനമായിരുന്ന വനിതാ എസ്ഐ മരിച്ചു. മാഹി വളവില്‍ പിച്ചക്കാരന്റവിട ബാനു (75, ജാനു) വാണ് മരണത്തിന് കീഴടങ്ങിയത്.
1997ല്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റായിരുന്ന കെ.ആര്‍.നാരായണന്‍ പുതുച്ചേരി സന്ദര്‍ശിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സുരക്ഷാ ഡ്യൂട്ടിക്കിടെ കൂടെയുണ്ടായിരുന്ന ഇന്‍സ്‌പെക്ടറുടെ പിസ്റ്റളില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റത് എസ്ഐ ബാനുവിന്റെ നട്ടെല്ലില്‍. അന്നുമുതല്‍ കിടക്കയില്‍ തളച്ചിട്ട പോലീസ് ഓഫീസറാണ് വെള്ളിയാഴ്ച മരിച്ചത്.
പുതുച്ചേരി പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ബാനു എന്ന ജാനുവിന്റെ നിയമനം. തുടര്‍ന്ന് ഹെഡ് കോണ്‍സ്റ്റബിളായി. 1996-ലാണ് എസ്ഐ ആയതെന്ന് ബന്ധുവും ഇപ്പോള്‍ മാഹി പോലീസ് ഗ്രേഡ് എസ്ഐയുമായ വി.സുരേഷ് പറഞ്ഞു. 1997-ലാണ് നട്ടെല്ലിന് വെടിയേറ്റത്. ഉടന്‍ പുതുച്ചേരിയിലെ ആസ്പത്രിയിലും തുടര്‍ന്ന് മദ്രാസ് അപ്പോളോ ആസ്പത്രിയിലുമെത്തിച്ചു. പിന്നീട് പലവിധ ചികിത്സകളും നടത്തി. എന്നാല്‍ ശരീരം മുഴുവന്‍ തളരുകയായിരുന്നു.
ധീരതയോടെ പോലീസ് സേനയെ നയിച്ച ബാനു എന്ന ജാനുവിന്റെ ജീവിതം പിന്നീട് കിടക്കയില്‍ തന്നെയായിരുന്നു. ഇടയില്‍ നിര്‍ബന്ധിത വിരമിക്കലിന് നീക്കം നടന്നിരുന്നെങ്കിലും അന്നത്തെ ഗവര്‍ണര്‍ അതിന് അനുവദിച്ചില്ല. 2010-ല്‍ 60-ാം വയസ്സില്‍ വിരമിക്കുന്നതുവരെ അവര്‍ പോലീസ് സേനയിലുണ്ടായിരുന്നു. പുതുച്ചേരിയിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 11-ന് പുതുച്ചേരി കരുവാടി കുപ്പത്താണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.ഭര്‍ത്താവ്: പരേതനായ വിജയന്‍. മക്കള്‍: മണികണ്ഠന്‍, മഹേശ്വരി, ധനലക്ഷ്മി.




