കൊച്ചി: വന്‍തുകകള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മലയാളികളുള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി കടുപ്പിച്ച് കുവൈത്തിലെ ബാങ്കുകള്‍. 1,000 കോടി രൂപയ്ക്ക് മുകളിലാണ് കുവൈത്തിലെ രണ്ട് ബാങ്കുകള്‍ക്ക് മാത്രം ലഭിക്കാനുള്ളത്. 2,250-ലധികം പേരാണ് കുടിശ്ശികയുള്ളവര്‍. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.
അല്‍ അഹ്ലി ബാങ്ക് ഓഫ് കുവൈത്തിന് 270 കോടിയും കുവൈത്ത് ഗള്‍ഫ് ബാങ്കിന് 800 കോടിയുമാണ് കിട്ടാനുള്ളത്. ഈ രണ്ട് ബാങ്കുകളാണ് കേരളത്തില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടുള്ളത്. ഡിസംബറില്‍ കുവൈത്ത് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരള ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് വായ്പാക്കുടിശ്ശിക വിവരം പുറത്തുവന്നത്.
1425 പേരാണ് ഈ ബാങ്കില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. 10 കേസുകളാണ് ഇവരുടെ പരാതിയില്‍ കേരളത്തിലെടുത്തത്. ഇത് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിച്ചു വരുകയാണ്. കുവൈത്ത് അല്‍ അഹ്ലി ബാങ്കും കഴിഞ്ഞദിവസം ഡിജിപിയെ സമീപിച്ചിരുന്നു ഇവരുടെ പരാതിയില്‍ 13 കേസുകളെടുത്തു. 800 പേരാണ് ഇവരുടെ കുടിശ്ശികക്കാര്‍. ഇതിലും ഭൂരിഭാഗം മലയാളികളാണ്. കുവൈത്തിലെ പല ബാങ്കുകള്‍ക്കും ഇത്തരത്തില്‍ കിട്ടാക്കടമുണ്ട്.
വായ്പയെടുത്തശേഷം രാജ്യം വിട്ടവരാണ് കുടിശ്ശിക വരുത്തിയവരെല്ലാം. കുവൈത്തില്‍ വായ്പയെടുക്കല്‍ നടപടികള്‍ എളുപ്പമാണ്. വിസാ പകര്‍പ്പും സാലറി സര്‍ട്ടിഫിക്കറ്റും എമിറേറ്റ്സ് ഐഡിയുമുണ്ടെങ്കില്‍ വായ്പ ലഭിക്കും. ശമ്പളത്തിന്റെ 10 മുതല്‍ 20 ഇരട്ടി വരെ വായ്പ നല്‍കുന്ന ബാങ്കുകളുണ്ട്.
വിദേശത്ത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങിയവര്‍ക്കെതിരേ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. അന്വേഷണം പൂര്‍ത്തിയായാല്‍ കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി വേണം. ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസുകളില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിട്ടില്ല. കുടിശ്ശിക കൂടിയതോടെ ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ വായ്പനയത്തില്‍ കുവൈത്ത് ബാങ്കുകള്‍ മാറ്റംവരുത്തിയിട്ടുണ്ട്.




