ന്യൂഡല്‍ഹി: പതിനേഴോളം പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയ്‌ക്കെതിരായ (പാര്‍ഥ സാരഥി) അന്വേഷണത്തിനെട ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അദ്ദേഹം പിന്‍വലിച്ചത് ലക്ഷങ്ങള്‍.
എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു ശേഷം ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വ്യത്യസ്ത പേരുകളും വിശദാംശങ്ങളും ഉപയോഗിച്ചായിരുന്നു ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായി ബന്ധപ്പെട്ട് 18 ബാങ്ക് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. 28 സ്ഥിര നിക്ഷേപങ്ങളും ഉണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം കൂടി ഏകദേശം എട്ടു കോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ തുക അന്വേഷണസംഘം മരവിപ്പിച്ചു. ചൈതന്യാനന്ദയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഇന്ന് രാവിലെയും പുറത്തുവന്നിരുന്നു.
പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും ചൈതന്യാനന്ദ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ പേരിലാണ് ക്യാമറ സ്ഥാപിച്ചതെങ്കിലും ശുചിമുറിയുടെ ഭാഗങ്ങളിലും ക്യാമറ ഒഴിവാക്കിയിരുന്നില്ല.
ക്യാമറയിലെ ദൃശ്യങ്ങള്‍ പതിവായി ചൈതന്യാനന്ദ ഫോണിലൂടെ കണ്ടു. ഒപ്പം കുട്ടികളോട് ശുചിമുറിയില്‍ പോകുന്നതിനെ കുറിച്ചു ചോദിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നീ ചോദ്യങ്ങളും പെണ്‍കുട്ടികളോട് ചോദിച്ചു. രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും പതിവാക്കിയിരുന്നു.
ചൈതന്യാനന്ദ സരസ്വതിയുടെ ഓഫിസില്‍ നിന്നും പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടു ഇറങ്ങി പോകുന്നത് പതിവായി കണ്ടിരുന്നെന്നും ഒരാളുടെ വസ്ത്രം കീറിയ നിലയില്‍ കണ്ടതായും ഒരു പെണ്‍കുട്ടി മൊഴി നല്‍കി. ഹോളി ആഘോഷ വേളയിലും സ്വാമി അതിരുവിട്ട് പെരുമാറി. വരിക്ക് നിര്‍ത്തിയ ശേഷം ചൈതന്യാനന്ദ പെണ്‍കുട്ടികളുടെ മുഖത്തും മുടിയിലും നിറങ്ങള്‍ തേച്ചു. ഇതിനുശേഷം മാത്രമേ ആഘോഷങ്ങള്‍ ആരംഭിക്കാവൂ എന്നും നിര്‍ദേശം നല്‍കി.
രാത്രികാലങ്ങളില്‍ ചൈതന്യാനന്ദ സരസ്വതി താമസിച്ചിരുന്ന വസതിയിലേക്കും പെണ്‍കുട്ടികളെ വിളിച്ചു വരുത്തുമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒപ്പം യാത്ര ചെയ്യാനും പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ചു. ചൈതന്യാനന്ദ സരസ്വതിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത വിദ്യാര്‍ഥികള്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിരുന്നു. ഹാജര്‍ നല്‍കാതിരിക്കുക, ഉയര്‍ന്ന ഫീസ് വാങ്ങുക തുടങ്ങിയ കാര്യങ്ങളാണ് ഇത്തരത്തില്‍ ചെയ്തിരുന്നത് എന്നാണ് ചൈതന്യാനന്ദയ്ക്ക് എതിരായ ആരോപണങ്ങള്‍.




