തിരുവനന്തപുരം: ‘മാധ്യമം നേരിനും സമാധാനത്തിനും’ എന്ന ആപ്തവാക്യവുമായി കേരള മീഡിയ അക്കാദമിയുടെ ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള (കങഎഗ)യ്ക്ക് തിരുവനന്തപുരത്ത് തിങ്കളാഴ്ച(സെപ്റ്റംബര്‍ 29 ) തുടക്കമാകും. പലസ്തീന് അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷ് മുഖ്യാതിഥിയാകുന്ന പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനം തിങ്കളാഴ്ച ടാഗോര്‍ തിയേറ്ററില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പലസ്തീന് പതാകയിലെ നിറങ്ങളുള്ള പട്ടം ഉയര്‍ത്തിയാകും ഉദ്ഘാടനം.
കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരത്തിലധികം മാധ്യമ പ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ഥികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ സെപ്തംബര്‍ 30ന് വൈകുന്നേരം 5.30ന് ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. അക്കാദമി നേരത്തേ പ്രഖ്യാപിച്ച മീഡിയ പേഴ്സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് ആഫ്രിക്കയിലെ ബുര്‍ക്കിനോഫാസയിലെ മാധ്യമ പ്രവര്‍ത്തക മറിയം ഔഡ്രാഗോ ഏറ്റുവാങ്ങും. മറിയം ഔഡ്രാഗോ ആഫ്രിക്കയില്‍നിന്നും ഞായറാഴ്ച തലസ്ഥാനത്തെത്തും. പട്ടാള അട്ടിമറികളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളടക്കം ലോകത്തെ അറിയിച്ച പ്രഗത്ഭ ജേര്‍ണലിസ്റ്റാണ് മറിയം.
ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡ് 2022, 23, 24 വര്‍ഷങ്ങളില്‍ നേടിയ കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍, രാജ്ദീപ് സര്‍ദേശായി എന്നിവരും മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ സ്വീകരിക്കും. നാലുപേര്‍ക്കും ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു അറിയിച്ചു. ശശികുമാര്‍, റാണാ അയൂബ്, അരുണാചല്‍ ടൈംസിന്റെ അസോസിയേറ്റ് എഡിറ്റര്‍ ടോംഗം റിന, ഛത്തീസ്ഗഢില്‍ ബസ്തര്‍ ആദിവാസി മേഖലയിലെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജേര്‍ണലിസ്റ്റ് പുഷ്പ റോക്ഡെ, ആള്‍ട്ട് ന്യൂസ് സ്ഥാപകരായ പ്രതിക് സിന്‍ഹ, മുഹമ്മദ് സുബൈര്‍ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര ഫെസ്റ്റിവലില്‍ പങ്കെടുക്കും. ഭീകരവാദികളുടെ വെടിയുണ്ടയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവന്ന പത്രപ്രവര്‍ത്തകയാണ് ടോംഗം റിന.
ഐഎന്എസിന്റെ ദേശീയ പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവര്‍മ്മ, ഐ ആന്റ് പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ്, കേരള സര്‍ക്കാരിന്റെ ദില്ലി പ്രതിനിധി പ്രൊഫ. കെ.വി.തോമസ്, തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയന് പോള്‍, കെ ജെ തോമസ്, ദീപു രവി, കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് കെ പി റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം ഉണ്ടാകും. പ്രഥമ വി പി രാമചന്ദ്രന് സ്മാരക അവാര്‍ഡ് യുകെയിലെ മാധ്യമപ്രവര്‍ത്തകനും മാധ്യമ ഉടമയുമായ അനസുദ്ധീന് അസീസിന് പ്രശസ്ത മാധ്യമപ്രവര്ത്തകന് ശശികുമാര്‍ സമ്മാനിക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ട് മള്‍ട്ടിമീഡിയ-ഫോട്ടോ എസ്കിബിഷന്‍ ഒരുക്കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രണാമമേകുന്ന പ്രദര്‍ശനത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങളും അവര്‍ പകര്‍ത്തിയത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുമുണ്ടാകും. ഈ ചിത്രങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവ ഫെസ്റ്റിവലിന്റെ സമാപനമായി മാനവീയം വീഥിയില്‍ ഒക്ടോബര്‍ 2ന് വൈകുന്നേരം 6.30ന് നടക്കുന്ന ‘സേവ് ഗാസ’ സംഗമത്തില്‍ പ്രദര്‍ശിപ്പിക്കും. ‘സേവ് ഗാസ’ സംഗമം രാജ്യസഭയിലെ സിപിഐ എം നേതാവും മാധ്യമസാരഥിയുമായ ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വേറിട്ട സ്വഭാവം അവതരിപ്പിക്കുന്ന ‘റിയല്‍ കേരള സ്റ്റോറി’ എക്സിബിഷന് പ്രത്യേകതയുള്ളതാകും. ഫോട്ടോകള്‍ക്കൊപ്പം ഓഡിയോ, വീഡിയോ വിരുന്നുമുണ്ടാകും.
കേരളം എങ്ങിനെ ഇതര സംസ്ഥാനങ്ങളില്‍നിന്നും, ലോകത്തിന്റെ മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമാണ് എന്നത് വ്യക്തമാക്കുന്ന എക്സിബിഷന് പുറമെ, ഇക്കാര്യത്തിലുള്ള പാനല്‍ ഡിസ്കഷനും ഉണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലത്തെ മാധ്യമ സാധ്യതകള്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള വര്‍ക്ക്ഷോപ്പ് 30, 1 തീയതികളില്‍ നടക്കും. ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരായ പ്രതിക് സിന്‍ഹ, മുഹമ്മദ് സുബൈര്‍ എന്നിവര്‍ വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റി ക്ലാസ്സെടുക്കും. സുനില്‍ പ്രഭാകര്‍, ബാബു രാമചന്ദ്രന് & ടീം, ഷിജു സദന് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.
വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 30നും ഒക്ടോബര്‍ 1നും കോളേജ്-സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള മാധ്യമ പ്രശ്നോത്തരിയായ ‘ക്വിസ് പ്രസ്’ ഗ്രാന്റ്മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കും. മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി മന്ത്രി ആര് ബിന്ദു സമ്മാനിക്കും.
എംബിഎസ് യൂത്ത്ക്വയര്‍, വിവിധ ബാന്‍ഡ് ട്രൂപ്പുകള്‍ എന്നിവയുടെ സംഗീതപരിപാടികള്‍ ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ ആന്റ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റും കേരള പത്രപ്രവര്ത്തകയൂണിയനുമായി സഹകരിച്ചാണ് ഐഎംഎഫ്കെ സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി അരുണ്‍ എസ് എസ്, പത്ര പ്രവര്‍ത്തക യൂണിയന് പ്രതിനിധി സുരേഷ് വെള്ളിമംഗലം എന്നിവര്‍ പങ്കെടുത്തു.




