ദില്ലി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് ശക്തമായ നയതന്ത്ര മറുപടി നല്‍കി ശ്രദ്ധേയയായിരിക്കുകയാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പെറ്റല്‍ ഗഹ്ലോട്ട്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഷെരീഫ് നടത്തിയ വാദങ്ങളെയും തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെയും തകര്‍ത്തായിരുന്നു പെറ്റല്‍ ഗഹ്ലോട്ട് ഇന്ത്യയുടെ ‘റൈറ്റ് ഓഫ് റിപ്ലൈ’ ഉപയോഗിച്ച് സംസാരിച്ചത്. ഷെരീഫ് വീണ്ടും ‘ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്നു’ എന്നും അവര്‍ തുറന്നടിച്ചു.
തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സംരക്ഷണം നല്‍കുകയും പരാജയത്തെ വിജയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ് പാകിസ്ഥാനെന്ന് ഗഹ്ലോട്ട് കുറ്റപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂറിനിടെ തങ്ങളുടെ വ്യോമതാവളങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സൈന്യം ഇന്ത്യയോട് യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച കാര്യം അവര്‍ ഓര്‍മ്മിപ്പിച്ചു. ‘നശിപ്പിക്കപ്പെട്ട റണ്‍വേകളും കത്തിയ ഹാംഗറുകളും വിജയമായി തോന്നുന്നുണ്ടെങ്കില്‍, പ്രധാനമന്ത്രി പറഞ്ഞതുപോലെ അത് പാകിസ്ഥാന് ആസ്വദിക്കാം, എന്നുമായിരുന്നു ശക്തമായ ഭാഷയില്‍ പെറ്റലിന്റെ മറുപടി.
ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്’ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാന്‍ സംരക്ഷണം നല്‍കാന്‍ ശ്രമിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ആഗോള ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പങ്കാളിയാണെന്ന് അവകാശപ്പെടുമ്പോഴും ഒസാമ ബിന്‍ ലാദന് ഒരു പതിറ്റാണ്ടോളം അഭയം നല്‍കിയ പാകിസ്ഥാന്‍ തീവ്രവാദത്തെ കയറ്റുമതി ചെയ്യുകയാണെന്നും ഗഹ്ലോട്ട് ആരോപിച്ചു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണമെന്ന് ഇന്ത്യയുടെ സ്ഥിരമായ നിലപാട് അവര്‍ ആവര്‍ത്തിച്ചു. ഭീകര ക്യാമ്പുകള്‍ നിര്‍ത്തലാക്കുകയും ആവശ്യപ്പെട്ട ഭീകരരെ കൈമാറുകയും ചെയ്താല്‍ മാത്രമേ ഷെരീഫിന്റെ സംഭാഷണത്തിനായുള്ള ആഹ്വാനത്തെ ഇന്ത്യ പരിഗണിക്കൂ എന്നും അവര്‍ വ്യക്തമാക്കി.




