Tuesday, April 7, 2026
Google search engine
HomeNewsNational Newsകരൂര്‍ ദുരന്തത്തില്‍ വിജയ്യെ പ്രതിയാക്കരുതെന്ന് സ്റ്റാലിന്‍; ബിജെപി അവസരം മുതലെടുക്കുമെന്ന ഭയം?

കരൂര്‍ ദുരന്തത്തില്‍ വിജയ്യെ പ്രതിയാക്കരുതെന്ന് സ്റ്റാലിന്‍; ബിജെപി അവസരം മുതലെടുക്കുമെന്ന ഭയം?

ചെന്നൈ; 41 പേരുടെ മരണത്തിന് ഇടയായ കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യെ പ്രതിയാക്കാത്തത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകും. ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്. കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്യെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്‌നാട് പോലീസ് സ്വീകരിച്ചിരുന്നത്.
കരൂര്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിജയ്യുടെ വാദം. ചൊവ്വാഴ്ച വൈകീട്ട് പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ ഡിഎംകെ സര്‍ക്കാരിനെയും സ്റ്റാലിനയും വിജയ് വെല്ലുവിളിച്ചു. തന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ, എന്നാല്‍ തന്റെ നേതാക്കളെയോ പ്രവര്‍ത്തകരെയോ തൊടരുതെന്ന് വിജയ് പറഞ്ഞു.
വിജയ്യുടെ വീഡിയോസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്‌ക്കെതിരേ ഡിഎംകെ വക്താവ് രംഗത്തെത്തി. ഇത് വിജയ്യുടെ പുതിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു വീഡിയോ ഇറക്കാന്‍ നാലു ദിവസമെടുത്തെന്നും ഡിഎംകെ വക്താവ് എ. ശരവണന്‍ പ്രതികരിച്ചു. കരൂരിലെ മരണങ്ങളില്‍ വിജയ് ഉത്തരവാദിത്വം ഏറ്റെടുക്കണം. അദ്ദേഹം നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിജയ്യുടെ വീഡിയോ സന്ദേശത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് വിജയ് കടന്നുകളഞ്ഞത് കുറ്റബോധം കൊണ്ടാണെന്ന് ഡിഎംകെ എംപി എ. രാജയും ആരോപിച്ചു. വിജയ് പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിരുന്നുവെന്നും വിജയ് സഞ്ചരിച്ച ബസ് വേദിയില്‍നിന്ന് മീറ്ററുകള്‍ക്കപ്പുറത്തേക്ക് മാറ്റിയിടാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നതായും ഡിഎംകെ നേതാവ് കനിമൊഴിയും പറഞ്ഞു.
സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന ആരോപിച്ചാണ് ടിവികെ കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കരൂര്‍ ദുരന്തത്തില്‍ റിട്ട. ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നേരത്തേ അറിയിച്ചിരുന്നു. അന്വേഷണത്തിനായി അരുണ ജഗദീഷ് കരൂരിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ റാലികള്‍ക്ക് അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് കഴിഞ്ഞമാസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ തിക്കുംതിരക്കും അടക്കമുള്ള അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് നിയമാനുസൃതമായി റാലികളും യോഗങ്ങളും നടക്കുന്നുണ്ടെന്ന് വിജയ് ഉറപ്പാക്കണമെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഗര്‍ഭിണികളും ഭിന്നശേഷിക്കാരും റാലികളില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കി വിജയ് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശത്തിന് വിപരീതമാണ് കരൂരില്‍ സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments