പാലക്കാട്: കലുങ്ക് സംവാദം പരിപാടിയില്‍ വിവാദ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ”പാലക്കാടിനെ അന്ന പാത്രം എന്നു ഞാന്‍ പറഞ്ഞത് ചില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല” എന്നായിരുന്നു ചെത്തലൂരില്‍ നടന്ന കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞത്.
”പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. പാവപ്പെട്ടവന്റെ മുന്നില്‍ കഞ്ഞി പാത്രം മാത്രമേയുള്ളൂ കേരളമേ. സമ്പന്നവര്‍ഗം കൂടി മനസ്സിലാക്കിക്കോളൂ” സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തവണ കിറ്റ് തന്നു നിങ്ങളെ പറ്റിച്ചെങ്കില്‍ ഇത്തവണ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മോന്തയ്ക്ക് വലിച്ചെറിയണം. ഇല്ലെങ്കില്‍ നിങ്ങളെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇത് പ്രജാരാജ്യമാണെന്നും മന്ത്രി പറഞ്ഞു. ”പ്രജകളാണ് ഇവിടെ രാജാക്കന്മാര്‍. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. പ്രജകള്‍ വിരല്‍ചൂണ്ടി സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാന്‍ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ വ്യാഖ്യാനം മാത്രമാണ്” സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ, തൃശൂര്‍ ഇരിങ്ങാലക്കുടയിലും പുള്ളിലും നടന്ന കലുങ്ക് സഭകളും വിവാദമായിരുന്നു. ഇരിങ്ങാലക്കുടയില്‍ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയായിരുന്നു വിവാദമായത്. കരുവന്നൂര്‍ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. പുള്ളിലെ കലുങ്ക് സഭയില്‍ വയോധികന്റെ അപേക്ഷ വാങ്ങാതെ മടക്കി അയച്ചതും വിവാദമായി.




