വെയിലത്ത് പുറത്തുപോയി വന്നാല്‍ ഒരു നിമിഷം ഒന്നും ആലോചിക്കാതെ മിക്കവരും ഐസ് ഇട്ട ജ്യൂസ് ഇഷ്ടപ്പെടുന്നവരാണ്. ചൂടത്ത് ഐസ് ഇട്ട് തണുപ്പിച്ച ജൂസ് തൊണ്ടയിലൂടെ ഇറങ്ങിപ്പോകുന്ന സുഖം ഒന്നു വേറെ തന്നെയാണ്. അല്ലേ? ചിലപ്പോള്‍, ജൂസിലെ മധുരം ഒരല്പം കൂടുതലാണെങ്കില്‍, ഐസ് ഉരുകി അതില്‍ ചേരുമ്പോള്‍ ആ മധുരം ബാലന്‍സ് ആവുകയും ചെയ്യും.
പക്ഷേ, ആ ഐസ് ക്യൂബിന് പിന്നില്‍ നമ്മളറിയാത്ത ഒരുപാട് കഥകളുണ്ട്. അടുത്ത തവണ ജൂസ് കുടിക്കാന്‍ പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ചോളൂ.
നമ്മള്‍ കടകളില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ മിനറല്‍ വാട്ടറോ തിളപ്പിച്ചാറിയ വെള്ളമോ ചോദിച്ചുവാങ്ങും. എന്നാല്‍, അതേ കടയിലെ ജൂസില്‍ ഇടുന്ന ഐസിന്റെ കാര്യത്തില്‍ ഈ ശ്രദ്ധ കാണിക്കാറുണ്ടോ?
മിക്ക ജൂസ് കടകളിലും ഐസ് ഉണ്ടാക്കുന്നത് സാധാരണ പൈപ്പുവെള്ളം ഉപയോഗിച്ചാണ്. ഈ വെള്ളം ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആകണമെന്നില്ല. വലിയ ഐസ് കട്ടകള്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുന്ന കടകളാണെങ്കില്‍, ആ ഐസ് എവിടെ നിന്ന് വരുന്നു, ഏത് വെള്ളത്തില്‍ ഉണ്ടാക്കി, എങ്ങനെ സൂക്ഷിച്ചു എന്നൊന്നും നമുക്ക് ഒരറിവും ഉണ്ടാവണം എന്നില്ല.
ഇങ്ങനെയുള്ള വെള്ളത്തില്‍ ഉണ്ടാക്കിയ ഐസില്‍ രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വയറിളക്കം, ഛര്‍ദ്ദി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങള്‍ വെള്ളത്തിലൂടെ പകരുന്നവയാണ്. നല്ല ഫ്രഷ് പഴങ്ങള്‍ കൊണ്ട് ജൂസ് അടിച്ചിട്ട്, അതില്‍ മലിനമായ ഐസ് ഇട്ടാല്‍ പിന്നെ എന്ത് കാര്യം?
കടയില്‍ ചെന്ന് നമ്മള്‍ 100% ഫ്രൂട്ട് ജൂസാണ് ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ ഐസ് ഇടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഐസ് പതിയെ ഉരുകി ജ്യൂസില്‍ കലരും. കട്ടിയുള്ള ജൂസ് പതിയെ വെള്ളം പോലെയാകും.ഐസ് ഇടുമ്പോള്‍ അതില്‍ പകുതിയും വെള്ളമായിരിക്കും ഉണ്ടാവുക. അതുകൊണ്ട്, ഐസ് ഇടാതെ വാങ്ങിയാല്‍, ജൂസ് അതിന്റെ യഥാര്‍ഥ അളവിലും രുചിയിലും ആസ്വദിക്കാം.
വെയിലത്ത് നിന്നും വന്ന് പെട്ടെന്ന് ഐസിട്ട തണുത്ത ജൂസ് കുടിക്കുന്നത് തൊണ്ടയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാനും തൊണ്ടവേദന, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച്, ഇത്തരം പ്രശ്‌നങ്ങള്‍ പെട്ടെന്ന് വരുന്ന ആളുകള്‍ ഐസ് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
കടയില്‍ പോയി ജൂസ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഐസ് ഇടാതെ വാങ്ങിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഇനി തണുപ്പ് നിര്‍ബന്ധമാണെങ്കില്‍, കടയില്‍ ചെല്ലുമ്പോള്‍ ‘ഫ്രിജില്‍ വച്ച് തണുപ്പിച്ച പഴം കൊണ്ട് ജൂസ് അടിച്ചു തരാമോ?’ എന്ന് ചോദിക്കാം. മിക്ക നല്ല കടകളിലും ഇങ്ങനെ ചെയ്യാറുണ്ട്. ഇതിലൂടെ ഐസിന്റെ അപകടസാധ്യത ഒഴിവാക്കാം, എന്നാല്‍ ജൂസിന് ആവശ്യത്തിന് തണുപ്പും കിട്ടും.




