ന്യൂകാസില്‍ (ഇംഗ്ലണ്ട്): ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണിലേക്കു കരുതിവച്ചിരിക്കുന്ന അദ്ഭുതങ്ങളില്‍ ആദ്യത്തേതു ലിവര്‍പൂള്‍ പുറത്തെടുത്തു. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിന്റെ ഇന്‍ജറി ടൈമില്‍ ലിവര്‍പൂള്‍ കോച്ച് അര്‍നെ സ്ലോട്ട് കളത്തിലേക്കു വിട്ട ഒരു പയ്യന്‍സ് ചെമ്പടയ്ക്കു സമ്മാനിച്ചത് അവിശ്വസനീയ വിജയം. ന്യൂകാസിലിനെ 32നു തോല്‍പിച്ച ലിവര്‍പൂള്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിലെ ആദ്യ വിജയം പേരില്‍ കുറിച്ചപ്പോള്‍, ഇന്‍ജറി ടൈമില്‍ വിജയഗോള്‍ കുറിച്ചത് ഇംഗ്ലിഷ് താരം റിയോ നുഹോമ.
ലിവര്‍പൂളിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വെള്ളിയാഴ്ച പതിനേഴു വയസ്സു തികയുന്ന നുഹോമ പേരിലാക്കി.
ന്യൂകാസിലിന്റെ ഗ്രൗണ്ടില്‍ 35ാം മിനിറ്റില്‍ റയാന്‍ ഗ്രാവന്‍ബെര്‍ച്ചിന്റെ ഗോളില്‍ ലിവര്‍പൂള്‍ ലീഡ് നേടിയപ്പോള്‍ മുതല്‍ കളിയുടെ താളം മുറുകി. അതുവരെ മത്സരത്തില്‍ ആധിപത്യമുണ്ടായിരുന്ന ന്യൂകാസിലിന് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല ആ ഗോള്‍. ആദ്യ പകുതിയുടെ ഇന്‍ജറി ടൈമില്‍ വിര്‍ജിന്‍ വാന്‍ ദെയ്ക്കിനെ ടാക്കിള്‍ ചെയ്തത് അല്‍പം കടന്നുപോയതിന്റെ പേരില്‍ ആന്തണി ഗോര്‍ഡനു റെഡ്കാര്‍ഡ്. ഇതോടെ ന്യൂകാസില്‍ 10 പേരിലേക്കു ചുരുങ്ങി.
രണ്ടാം പകുതി തുടങ്ങി 20 സെക്കന്‍ഡിനകം ഹ്യൂഗോ എകിറ്റികെയുടെ ഗോളില്‍ ലിവര്‍പൂള്‍ 20 ലീഡ് നേടിയെങ്കിലും ന്യൂകാസിലിന്റെ തിരിച്ചടി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 57ാം മിനിറ്റില്‍ ബ്രൂണോ ഗ്വിമാറസും 88ാം മിനിറ്റില്‍ വില്യം ഒസുലയും നേടിയ ഗോളുകളില്‍ ന്യൂകാസില്‍ സ്‌കോര്‍ 22 ആക്കി.
കളി ന്യൂകാസില്‍ ജയിക്കുമെന്നു തോന്നിച്ച നേരത്താണ് ഇന്‍ജറി ടൈമില്‍ കോഡി ഗാക്‌പോയ്ക്കു പകരം ലിവര്‍പൂള്‍ കോച്ച് പതിനാറുകാരന്‍ റിയോ നുഹോമയെ കളത്തിലേക്കു പറഞ്ഞുവിട്ടത്. ഇന്‍ജറി ടൈമിന്റെ 10ാം മിനിറ്റില്‍ പന്തു വലയിലെത്തിച്ച് നുഹോമ ലിവര്‍പൂളിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി.




