കോട്ടയം: ”ഒരു ലഡു എടുക്കൂ സര്‍…. നിങ്ങള്‍ ചെയ്തുതന്ന ‘സേവനത്തിന്റെ’ സന്തോഷത്തില്‍ കൊണ്ടുവന്നതാണ്”-ഇതുകേട്ട് ജീവനക്കാരില്‍ പലരും ലഡു എടുത്തു. പിന്നീടാണ്, ലഡു കൊടുത്ത ആളുടെ നെഞ്ചില്‍ പതിച്ചിരുന്ന പോസ്റ്റര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ‘മൂന്നുദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്തുതന്ന കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാഫിന് ലഡു വിതരണം ചെയ്യുന്നു, 73 ദിവസം ഓഫീസില്‍ കയറ്റിയിറക്കിയതിന് നന്ദി’ എന്നായിരുന്നു പോസ്റ്റര്‍.
ഇതുകണ്ടയുടന്‍ ചിലര്‍ ലഡു തിരിച്ചുനല്‍കി, മറ്റ് ചിലര്‍ ‘ചമ്മിയ’ മുഖവുമായി ഇരുന്നു. തിങ്കഴാഴ്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിലായിരുന്നു ജീവനക്കാരെ ‘പെടുത്തിയ’ ലഡു വിതരണവും വേറിട്ട പ്രതിഷേധവും. അപേക്ഷ നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടേണ്ട നിക്ഷേപത്തുക 73 ദിവസമായിട്ടും ലഭിച്ചില്ല. തുടര്‍ന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് പരാതിനല്‍കി. പിറ്റേദിവസം തുക ലഭിച്ചു. കാലതാമസം വരുത്തിയ നഗരസഭാ ജീവനക്കാരോടുള്ള പ്രതിഷേധം അറിയിക്കാനാണ് ലഡുവുമായി റിട്ട. തദ്ദേശവകുപ്പ് ജീവനക്കാരനെത്തിയത്.
ചിങ്ങവനം കരിമ്പില്‍ സലിമോനാണ് വേറിട്ടരീതിയില്‍ പ്രതിഷേധിച്ചത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഫെബ്രുവരിയില്‍ കോട്ടയം നഗരസഭാ ഹാള്‍ ബുക്കുചെയ്തു. ജൂലായ് 12-നായിരുന്നു വിവാഹം. ബുക്ക് ചെയ്തപ്പോള്‍ നിക്ഷേപത്തുകയായി നല്‍കിയ പതിനായിരം രൂപ തിരിച്ചുകിട്ടുന്നതിന് 21-ന് നഗരസഭയില്‍ അപേക്ഷ നല്‍കി. പിന്നീട് അന്വേഷിച്ചുചെന്ന ദിവസങ്ങളിലെല്ലാം ജീവനക്കാര്‍ അപേക്ഷ ആ ക്യാബിനിലേയ്ക്ക് വിട്ടിട്ടുണ്ട്, ഈ ക്യാബിനിലേയ്ക്ക് വിട്ടു, ഇന്ന് ആ സീറ്റില്‍ ആളില്ല, സെക്രട്ടറിക്ക് നല്‍കി എന്നെല്ലാമാണ് മറുപടി നല്‍കിയതെന്ന് സലിമോന്‍ പറയുന്നു. സെക്രട്ടറിയോട് അന്വേഷിച്ചപ്പോള്‍ ഒപ്പിട്ടുവിട്ടു, അവിടെ ചോദിക്കൂ… എന്നായിരുന്നു മറുപടി.
ഒക്ടോബര്‍ മൂന്നിന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. നാലാംതീയതി വൈകീട്ട് നിക്ഷേപത്തുക തിരികെ ലഭിച്ചു.




