വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്കിന്റെ വധത്തെ ആഘോഷിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തിയ ആറ് പേരുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കി.
അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ ഇവിടെ താമസിപ്പിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ലെന്ന് യുഎസ് ആഭ്യന്തര വകുപ്പ് ‘എക്സ്’ പോസ്റ്റില്‍ പറഞ്ഞു.
കിര്‍ക്കിന്റെ വധത്തെ സ്വാഗതം ചെയ്ത വിദേശികളായ ആറു വിസ ഉടമകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ നേരത്തേ ആഭ്യന്തര വകുപ്പ് പങ്കുവെക്കുകയും വിസ റദ്ദാക്കുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 10-ന് യൂട്ടായിലെ സര്‍വകലാശാലാ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്.
വിസ റദ്ദാക്കപ്പെട്ട ആറ് പേര്‍ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീല്‍, ജര്‍മ്മനി, പരാഗ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ‘ചാര്‍ളി കിര്‍ക്കിന്റെ നിഷ്ഠൂരമായ കൊലപാതകം ആഘോഷിച്ച വിസ ഉടമകളെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.’ പ്രസ്താവനയില്‍ പറഞ്ഞു.
ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തന്റെ വിസ റദ്ദാക്കിയതായി ദക്ഷിണാഫ്രിക്കന്‍ പൗരനായ ഹ്ലാമുലോ ബലോയി മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ച പോസ്റ്റുകളിലൊന്ന് താനാണ് എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. ആ പോസ്റ്റില്‍, ‘കിര്‍ക്ക് ഒരു നായകനായി ഓര്‍മ്മിക്കപ്പെടില്ല’ എന്നും അദ്ദേഹത്തിന്റെ അനുയായികളെ ‘ട്രെയിലര്‍ ട്രാഷ്’ എന്നും വിശേഷിപ്പിച്ചിരുന്നു.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം വിസ അപേക്ഷകളില്‍ സോഷ്യല്‍ മീഡിയ പരിശോധന വിപുലീകരിക്കുകയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥി വിസകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട് . ഈ വര്‍ഷം 6,000-ത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകള്‍ റദ്ദാക്കിയിട്ടുണ്ട്.




