Friday, April 17, 2026
Google search engine
HomeNewsNational News17,600 കോടി രൂപ; വാങ്ങാന്‍ അദാനിയും പൂനാവാലയുമടക്കം വമ്പന്മാര്‍; ആര്‍സിബി ഫോര്‍ സെയില്‍!

17,600 കോടി രൂപ; വാങ്ങാന്‍ അദാനിയും പൂനാവാലയുമടക്കം വമ്പന്മാര്‍; ആര്‍സിബി ഫോര്‍ സെയില്‍!

ബംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം ചൂടിയത്. ഇതിനു പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത് ആഘാതമായെങ്കിലും കിരീടവിജയത്തിന്റെ ആവേശം ആരാധകരില്‍ ഇതുവരെ അടങ്ങിയിട്ടില്ല. ദുരന്തത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിശബ്ദമായിരുന്ന ആര്‍സിബി, ഇപ്പോഴിതാ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. കിരീടനേട്ടത്തിനു പിന്നാലെ ഫ്രാഞ്ചൈസിയെ വില്‍ക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.

ഒന്നല്ല, രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വില്‍പനയ്ക്കുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തെ വാര്‍ത്ത. ഇതില്‍ ആര്‍സിബിയുടെ കാര്യമാണ് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. ടീമിലെ സൂപ്പര്‍ താരമായ വിരാട് കോലി, ഇതുവരെ വാണിജ്യ കരാര്‍ പുതുക്കിയിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങള്‍ക്കു ശക്തി പകര്‍ന്നു. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിര്‍മാണ വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടന്‍.

കിരീട നേട്ടത്തിന്റെ മികവില്‍ നില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ വമ്പന്‍ വിലയ്ക്കു ഫ്രാഞ്ചൈസിയെ വില്‍ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 2 ബില്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 17,600 കോടി രൂപ) ആണ് കമ്പനി, ആര്‍സിബിക്കു വിലയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2012ലാണ് ഡിയാജിയോ ആര്‍സിബിയുടെ ഉടമസ്ഥത ഏറ്റെടുക്കുന്നത്. വിജയ് മല്യയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ കാലത്ത് യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, ഡിയാജിയോയുടെ കീഴിലെത്തുന്നതോടെയാണ് ഈ കൈമാറ്റവും സംഭവിച്ചത്.

കമ്പനിയുടെ പ്രധാന ബിസിനസ്സല്ലാത്ത കായികമേഖലയില്‍ പണം മുടക്കുന്നതിനോട് കമ്പനിയുടെ ചില ഓഹരി ഉടമകള്‍ക്കുള്ള എതിര്‍പ്പു കാരണമാണ് ആര്‍സിബിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. ടീമിന്റെ നടത്തിപ്പിനായി വന്‍ തുക മുടക്കേണ്ടി വരുന്നതായാണ് ഇവരുടെ പരാതി. ഡിയാജിയോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ഈ വര്‍ഷം മാര്‍ച്ചില്‍ ചുമതലയേറ്റെടുത്ത പ്രവീണ്‍ സോമേശ്വറിന്റെ നിലപാടും ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു കാരണമാണ്.

സ്‌പോര്‍ട്‌സ് ലീഗുകളില്‍ പണം മുടക്കുന്നത് വലിയ തോതില്‍ നിക്ഷേപം ആവശ്യമായ ഒന്നാണെന്നും കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍ക്ക് ഇതു ഗുണം ചെയ്യില്ലെന്നുമാണ് പ്രവീണ്‍ സോമേശ്വറിന്റെ നിലപാട്. മദ്യത്തിന്റെ പരസ്യമായിരുന്നു ആര്‍സിബിക്ക് പിന്നിലെ ലക്ഷ്യമെന്ന് വിജയ് മല്യ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഐപിഎലിലുള്‍പ്പെടെയുള്ള കായിക വേദികളില്‍ മദ്യം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ പരോക്ഷമായ പരസ്യങ്ങള്‍ പോലും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കിയതോടെ ഡിയാജിയോയുടെ ‘ലക്ഷ്യം’ നടന്നില്ല.

വില്‍പന സംബന്ധിച്ച് ഒട്ടേറെ ഇന്ത്യന്‍, യുഎസ് കമ്പനികള്‍ ഡിയാജിയോ മാനേജ്മെന്റിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ ഇന്ത്യക്കാരില്‍ പ്രമുഖര്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനാവാല, ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാര്‍ത്ഥ് ജിന്‍ഡാല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ്. ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു പ്രമുഖ വ്യവസായിയുടെ ആര്‍ബിയില്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ രണ്ട് യുഎസ് കമ്പനികളാണ് ആര്‍സിബിയുടെ ഓഹരികള്‍ വാങ്ങാന്‍ രംഗത്തുള്ളത്.

പൂനാവാല കുടുംബം മുന്‍പും ഒരു ഐപിഎല്‍ ടീം വാങ്ങാന്‍ ശ്രമിച്ചിരുന്നു. 2010ല്‍ പുണെയും കൊച്ചിയും ആസ്ഥാനമായുള്ള രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വന്നപ്പോഴായിരുന്നു ഇത്. എന്നാല്‍ അന്ന് അതു മറ്റു കമ്പനികള്‍ സ്വന്തമാക്കി. ഈ രണ്ടു ടീമുകളും ഐപിഎലില്‍ അധികകാലമുണ്ടായിരുന്നുമില്ല. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 50 ശതമാനം ഓഹരികളും ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ആര്‍സിബിയെ സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓഹരികള്‍ അവര്‍ക്കു വില്‍ക്കേണ്ടി വരും. ഐപിഎലില്‍ അദാനി ഗ്രൂപ്പിനും കുറച്ചുകാലമായി നോട്ടമുണ്ട്. 2022 അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് ടീമിനെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല,

ഇങ്ങനെയൊക്കെയാണെങ്കിലും വില്‍പന അത്ര സുഗമാകില്ലെന്നാണ് വിവരം. വില തന്നെയാണ് പ്രധാന പ്രശ്‌നം. ഒരു ഐപിഎല്‍ ടീമിന് ഇത്രയും മൂല്യമുണ്ടോയെന്ന് ചോദ്യങ്ങള്‍ ഉയരുന്നു. മാത്രമല്ല, ജൂണ്‍ നാലിനുണ്ടായ ദുരന്തവുമായി ബന്ധപ്പെ കേസുകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ടീമിനെ ഏറ്റെടുത്താന്‍ കേസ് നടപടികളും ഏറ്റെടുക്കേണ്ടി വരും. കൂടാതെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. എന്തായാലും വില്‍പന സംബന്ധിച്ച ഉപദേശങ്ങള്‍ക്കായി രണ്ടു സ്വകാര്യ ബാങ്കുകളെ ഡിയാജിയോ നിയമിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments