കണ്ണൂര്‍: പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ ജയിലിലായ സിപിഎം നേതാവിന് ഒരു മാസത്തിനുള്ളില്‍ പരോള്‍. പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലറായി മത്സരിച്ച് വിജയിച്ച വി.കെ.നിഷാദിനാണ് ആറു ദിവസത്തേക്ക് അടിയന്തര പരോള്‍ ലഭിച്ചത്. ജയിലിലായതിനാല്‍ നിഷാദിന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്യാന്‍ വേണ്ടിയാണ് അടിയന്തരമായി പരോള്‍ നല്‍കിയതെന്നാണ് വിവരം.
2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂര്‍ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസില്‍ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ ശിക്ഷിച്ചത്. പയ്യന്നൂര്‍ നഗരസഭ 46ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായിരിക്കെ ആയിരുന്നു ഇത്. വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. നിഷാദ് ജയിലിലായതോടെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയില്ലാതെ പ്രചാരണം നടത്തുകയായിരുന്നു.




