ന്യൂഡല്‍ഹി: എംബിബിഎസ് ഒന്നാം വര്‍ഷത്തിന് 11 വര്‍ഷമായി പഠിക്കുന്ന വിദ്യാര്‍ഥി തുടര്‍ പരീക്ഷകളെഴുതാനോ ഹോസ്റ്റല്‍ ഒഴിയാനോ തയാറാകുന്നില്ലെന്ന് കാട്ടി യുപി ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ദേശീയ മെഡിക്കല്‍ കമ്മിഷനെ (എന്‍എംസി) സമീപിച്ചു.
2014 ല്‍ മെഡിക്കല്‍ യുജി സീറ്റിലേക്കു പ്രവേശനം നേടിയ വിദ്യാര്‍ഥി അക്കാലം മുതല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്നാണു പ്രിന്‍സിപ്പല്‍ ഡോ. രാംകുമാര്‍ ജയ്സ്വാളിന്റെ പരാതി. 2015ലെ ആദ്യ വര്‍ഷ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല.
ശേഷം ക്ലാസുകളില്‍ ഹാജരാകുന്നില്ല. പരീക്ഷകളും എഴുതിയിട്ടില്ല. വാടക നല്‍കാതെ ഹോസ്റ്റലില്‍ താമസിക്കുന്നുമുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ നിയമ പ്രകാരം, ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ഥിക്ക് സേ പരീക്ഷ എഴുതി പഠനം തുടരാമെന്നാണു വ്യവസ്ഥ.




