Sunday, April 19, 2026
Google search engine
HomeNewsNational Newsസമ്പന്നരെ കണ്ടെത്തി വിവാഹം, രണ്ടുനാള്‍ കൂടെ, മൂന്നാം നാള്‍ മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്, ഒളിവിലായിരുന്ന വധുവും...

സമ്പന്നരെ കണ്ടെത്തി വിവാഹം, രണ്ടുനാള്‍ കൂടെ, മൂന്നാം നാള്‍ മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്, ഒളിവിലായിരുന്ന വധുവും പിടിയില്‍

ഗുരുഗ്രാം: കുടുംബത്തോടെ വിവാഹത്തട്ടിപ്പിലേര്‍പ്പെട്ട സംഘത്തിലെ യുവതിയെ അറസ്റ്റു ചെയ്ത് രാജസ്ഥാന്‍ പൊലീസ്. കാജല്‍ എന്ന യുവതിയെയാണ് ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു ഇവര്‍. കാജലിന്റെ മാതാപിതാക്കളും സഹോദരനും സഹോദരിയും നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു.

കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെണ്‍മക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കമാകുക. 2024 മേയില്‍ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആണ്‍മക്കള്‍ക്ക് ഇയാള്‍ തന്റെ പെണ്‍മക്കളെ വിവാഹം ആലോചിച്ചു. വിവാഹ ആവശ്യങ്ങള്‍ക്കായി 11 ലക്ഷം രൂപ താരാചന്ദില്‍ നിന്നു വാങ്ങുകയും ചെയ്തു. മേയ് 21ന് കുടുംബാംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് വിവാഹവും നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരന്‍ സുരാജ് എന്നിവരും വിവാഹത്തിനുണ്ടായിരുന്നു.

വധുവിന്റെ കുടുംബം രണ്ടുനാള്‍ വരന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു. എന്നാല്‍ മൂന്നാം നാള്‍ ഇവരെ കുടുംബത്തോടെ കാണാതായി. വിവാഹത്തിന് നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും പണവും ഇവര്‍ കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് താരാചന്ദ് പൊലീസില്‍ പരാതി നല്‍കി. ആദ്യം ഭഗത് സിങ്ങിനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. പിന്നീട് വധുമാരിലൊരാളായ തമന്നയെയും സഹോദരന്‍ സുരാജിനെയും അറസ്റ്റു ചെയ്തു.

ചോദ്യംചെയ്യലിലാണ് ഇവര്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സ്ഥിരമായി നടത്തുന്നവരാണെന്നു തെളിഞ്ഞത്. കാജലിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലാണ് കാജലിനെ അറസ്റ്റു ചെയ്തത്. തന്റെ പിതാവാണ് എല്ലാ തട്ടിപ്പും ആസൂത്രണം ചെയ്തതെന്നാണ് കാജല്‍ പൊലീസിനോടു പറഞ്ഞത്. കുടുംബത്തോടെ എല്ലാവരും പങ്കെടുക്കുന്നതിനാല്‍ വിവാഹം ആലോചിക്കുന്നവര്‍ക്ക് സംശയം തോന്നാറില്ല. സമ്പന്ന വ്യക്തികളെ കണ്ടെത്തിയാണ് മക്കള്‍ക്ക് വിവാഹം ആലോചിക്കാറെന്നും തെളിഞ്ഞു. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും സഹായികളായി വേറെ ആളുകളുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments