കൊച്ചി: റാപ് ഗായകന്‍ ഹിരണ്‍ദാസ് മുരളിക്കെതിരെ (വേടന്‍) ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതി തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
2020 ഡിസംബറില്‍ ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടന്റെ താമസ സ്ഥലത്തെത്തിയ ഹര്‍ജിക്കാരിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണു മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി പരാതി പൊലീസിനു കൈമാറി. തുടര്‍ന്നു കേസ് റജിസ്റ്റര്‍ ചെയ്തു. മൊഴി നല്‍കാനായി സ്റ്റേഷനില്‍ എത്താന്‍ ഹര്‍ജിക്കാരിക്കു പൊലീസ് നോട്ടിസ് നല്‍കി. വേടന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനംമൂലം തന്റെ വിശദാംശങ്ങളും ആരോപണങ്ങളും ഉള്‍പ്പെടെ പരസ്യമാക്കാന്‍ സാധ്യതയുണ്ടെന്നു ഹര്‍ജിക്കാരി ആശങ്ക പ്രകടിപ്പിച്ചു.
പരാതിയില്‍ മൊഴി നല്‍കാന്‍ വിളിപ്പിക്കാന്‍ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകുന്നതു തടയാന്‍ നോട്ടിസ് റദ്ദാക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രതിയില്‍നിന്നും കൂട്ടാളികളില്‍നിന്നും ഭീഷണിക്കും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, അതിക്രമത്തിന് ഇരയായവര്‍ക്കു നിയമം സംരക്ഷണം നല്‍കുന്നുണ്ട്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍, സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതിനു ന്യായമായ കാരണങ്ങള്‍ പൊലീസ് പറഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാരി അറിയിച്ചു.




