Friday, September 4, 2026
Google search engine
HomeNewsKerala Newsവാതിലിനരികില്‍ ഇരുന്ന് യാത്രചെയ്യുന്നവരുടെ മൊബൈല്‍ വടികൊണ്ട് അടിച്ചിട്ട് കവരും; ബംഗാള്‍ സ്വദേശി പിടിയില്‍

വാതിലിനരികില്‍ ഇരുന്ന് യാത്രചെയ്യുന്നവരുടെ മൊബൈല്‍ വടികൊണ്ട് അടിച്ചിട്ട് കവരും; ബംഗാള്‍ സ്വദേശി പിടിയില്‍

കൊച്ചി: തീവണ്ടിയുടെ ജനലരികിലും വാതിലിലും നിന്ന് യാത്ര ചെയ്യുന്നവരുടെ കൈക്ക് വടികൊണ്ടടിച്ച് മൊബൈല്‍ ഫോണുകള്‍ തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ സ്വദേശി അലി മുഹമ്മദ് (21) ആണ് എറണാകുളം ആര്‍പിഎഫിന്റെ പിടിയിലായത്. ഇയാളുടെ സംഘത്തിലെ മൂന്നുപേരെ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ് അലി മുഹമ്മദ്, ബംഗാളിലേക്ക് കടന്നുകളഞ്ഞു. എന്നാല്‍, ഇയാളുടെ മൊബൈല്‍ ഫോണ്‍ ആര്‍പിഎഫിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രശ്നങ്ങള്‍ കഴിഞ്ഞെന്ന് കരുതി കേരളത്തിലേക്ക് എത്തുകയും മറ്റൊരു പേരില്‍ ചേര്‍ത്തലയില്‍ ഒരു ബേക്കറിയില്‍ ജോലിക്ക് നില്‍ക്കുകയും ചെയ്യവേയായിരുന്നു ആര്‍പിഎഫിന്റെ പിടിയിലായത്.

ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തേക്കു പോയ ശബരി എക്‌സ്പ്രസിലെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ നാലംഗ സംഘം വടികൊണ്ടടിച്ച് കവര്‍ന്നതിനെ തുടര്‍ന്നായിരുന്നു എറണാകുളം ആര്‍പിഎഫ് അന്വേഷണം തുടങ്ങിയത്. എറണാകുളം പുല്ലേപ്പടി ഭാഗത്ത് തീവണ്ടി വേഗം കുറച്ചു പോകുന്ന സ്ഥലത്താണ് ഈ സംഘം കാത്തുനിന്ന് വടികൊണ്ടടിച്ച് സ്ഥിരമായി കവര്‍ച്ച നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് 16-ന് മോഷണം നടത്തിയ അതേയിടത്ത് വീണ്ടും എത്തിയപ്പോഴാണ് ബംഗാള്‍ സ്വദേശികളായ മുഹമ്മദ് കാസിം (21), മുന്നാ മുഷ്താഖ് (32), അബ്ഗുള്‍ ലെക്കിം (21) എന്നിവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അലി മുഹമ്മദ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തിന് ആര്‍പിഎഫ് രൂപം നല്‍കിയിരുന്നു.

റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ്, ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ മുഹമ്മദ് ഹനീഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ബാലന്‍, എസ്എച്ച്ഒ നഹ്റുദ്ദീന്‍, ആര്‍പിഎഫ് എറണാകുളം സൗത്ത് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി, നോര്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോജ് ജി. നായര്‍, എഎസ്ഐ ശ്രീജിത്ത് എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതികളെയെല്ലാം പിടികൂടിയതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments