ന്യൂഡല്‍ഹി: മക്കളും ഭര്‍ത്താവുമില്ലാത്ത സ്ത്രീകള്‍ ഭാവിയിലെ സ്വത്തുതര്‍ക്കം ഒഴിവാക്കാനായി വില്‍പ്പത്രം എഴുതിവെക്കണമെന്ന് അഭ്യര്‍ഥിച്ച് സുപ്രീംകോടതി. 1956-ലെ ഹിന്ദു പിന്തുടര്ച്ചാ നിയമമുണ്ടാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വയാര്‍ജിത സ്വത്തുക്കളുണ്ടാവില്ലെന്ന സങ്കല്പമായിരുന്നിരിക്കാം പാര്‍ലമെന്റിന്. എന്നാല്‍, കഴിഞ്ഞ ദശാബ്ദങ്ങളില്‍ സ്ത്രീകള്‍ കൈവരിച്ച പുരോഗതിയെ വിലകുറച്ച് കാണാനാവില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.
ഭര്‍ത്താവും കുട്ടികളുമില്ലാത്ത സ്ത്രീകള്‍ മരിച്ചുകഴിഞ്ഞാല്‍ സ്വത്തു സംബന്ധിച്ച് തര്‍ക്കമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ അഭ്യര്‍ഥന. അതേസമയം, ഇക്കാര്യത്തില്‍ എന്തെങ്കിലും നിരീക്ഷണം നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഹിന്ദു പിന്തുടര്ച്ചാ നിയമത്തിലെ 15(ഒന്ന്)(ബി) വകുപ്പ് ചോദ്യംചെയ്യുന്ന പൊതുതാത്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വില്‍പ്പത്രം എഴുതിവെക്കാതെ മരിക്കുന്ന ഹിന്ദുസ്ത്രീയുടെ സ്വത്തില്‍ ആദ്യ അവകാശം ഭര്ത്തൃവീട്ടുകാര്ക്കാണെന്ന് ഇതില്‍ പറയുന്നു. ഈ വകുപ്പ് സ്വേച്ഛാപരവും ഭരണഘടനാ ലംഘനവുമാണെന്നാണ് ഹര്‍ജിയിലെ വാദം. അതേസമയം, ഹര്‍ജിയിലെ നിയമപ്രശ്നം ഉന്നയിക്കേണ്ടത് അതുകൊണ്ട് പ്രശ്നമുണ്ടായവരാണെന്ന് കേന്ദ്രം വാദിച്ചു. ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി, നിയമപ്രശ്നം തുറന്നിടുകയും ചെയ്തു.




