Friday, April 10, 2026
Google search engine
HomeNewsKerala News'ദേ കിടക്കുന്നു രണ്ട് ഡമ്മി, കണ്ടോ ഡമ്മി കിടക്കുന്നത്': ആക്രോശിച്ച് പ്രതി; നടരാജനെ ആക്രമിച്ചത് മൃഗീയമായി,...

‘ദേ കിടക്കുന്നു രണ്ട് ഡമ്മി, കണ്ടോ ഡമ്മി കിടക്കുന്നത്’: ആക്രോശിച്ച് പ്രതി; നടരാജനെ ആക്രമിച്ചത് മൃഗീയമായി, ദേഹത്ത് 47 വെട്ട്

പുല്ലുകുളങ്ങര: ദേഹമാസകലം വെട്ടേറ്റു പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മകന്‍ കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നവജിത്തിനെ (30) ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി എട്ടരയോടെയാണു നടരാജനെ(63) കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനും വെട്ടേറ്റിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്. നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കുകയാണ്. വര്‍ഷങ്ങളോളം വിദേശത്തായിരുന്ന നടരാജന്‍ തിരിച്ചെത്തിയ ശേഷം റോഡ് പണികളുടെയും മറ്റും കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു. നവജിത് അഭിഭാഷകനാണ്. സംഭവസമയത്തു മാതാപിതാക്കളും ഇയാളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

നവ്യയെ പ്രസവത്തിനായി കൈപ്പട്ടൂരിലുള്ള വീട്ടിലേക്കു കൊണ്ടുപോയിരുന്നു. കൊലപാതക വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീടിന്റെ മുകള്‍നിലയില്‍നിന്ന് നവജിത് ആക്രോശിക്കുന്നതാണു കണ്ടത്. പൊലീസ് എത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്നു കയര്‍ വരിഞ്ഞു മുറുക്കിയാണു കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിനു മറ്റു ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ കൊലപാതകത്തിന്റെ കാരണമെന്തെന്നു വ്യക്തമായിട്ടില്ല. പരസ്പരവിരുദ്ധമായാണു യുവാവ് സംസാരിക്കുന്നത്. ലഹരിക്ക് അടിമയാണോയെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. നടരാജനെ വെട്ടുകത്തി കൊണ്ടു മൃഗീയമായാണ് ആക്രമിച്ചത്. ദേഹത്തു 47 വെട്ടുകളേറ്റിരുന്നു. നടരാജന്റെ സംസ്‌കാരം നാളെ നടക്കും.

നവജിത്തിനെ തെളിവെടുപ്പിനു കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നവജിത് നിയമബിരുദം എടുത്ത് എന്റോള്‍ ചെയ്തശേഷം ബാര്‍ കൗണ്‍സിലിന്റെ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. അതിനു വേണ്ടിയെന്നു പറഞ്ഞു രണ്ടു ദിവസം മുന്‍പു വീട്ടില്‍നിന്നു പോയതാണെന്നു ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ പരീക്ഷയ്ക്കു പോകാതെ സഹോദരിയുടെ വീട്ടിലെത്തി മദ്യലഹരിയില്‍ വഴക്കുണ്ടാക്കി. തുടര്‍ന്നു സഹോദരി ഇയാളെ ശനിയാഴ്ച കണ്ടല്ലൂരിലെ വീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു.നടരാജന്റെ മറ്റു മക്കള്‍: നിധിന്‍ രാജ്, നിധി മോള്‍. മരുമകന്‍: പ്രഭുല്‍ ദേവ്.

കൊലപാതകം നടന്ന വീട് ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്‍ സന്ദര്‍ശിച്ചു. കനകക്കുന്ന് എസ്എച്ച്ഒ സി.അമലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മാതാപിതാക്കളെ ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വെട്ടുകത്തി വീടിനു മുന്നില്‍നിന്നു കണ്ടെടുത്തു. കനകക്കുന്ന് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതിയെ സ്റ്റേഷനില്‍ എത്തി പൊലീസ് മേധാവി ചോദ്യം ചെയ്തു. സയന്റിഫിക് ഓഫിസര്‍ ആര്‍.വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്‍, അരുണ്‍ എന്നിവര്‍ തെളിവുകള്‍ ശേഖരിച്ചു.

”ദേ കിടക്കുന്നു രണ്ട് ഡമ്മി, കണ്ടോ ഡമ്മി കിടക്കുന്നത്” കൊലപാതക വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടതു വീടിന്റെ മുകളിലത്തെ നിലയില്‍ കയറി നവജിത്ത് ഇങ്ങനെ ആക്രോശിക്കുന്നതാണ്. ഇതിന് ഇടയില്‍ ആംബുലന്‍സ് എത്തി നടരാജനെയും ഭാര്യ സിന്ധുവിനെയും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. പൊലീസ് എത്തി കയര്‍ വരിഞ്ഞുമുറുക്കി കീഴ്‌പ്പെടുത്തി വീടിന് പിന്‍വാതിലിലൂടെയാണ് നവജിത്തിനെ കൊണ്ടു പോയത്. മാനസിക നില തെറ്റിയ പോലെയായിരുന്നു പെരുമാറ്റം എന്ന് നാട്ടുകാര്‍ പറഞ്ഞു.

നവജിത്ത് വീട്ടില്‍നിന്ന് അടുത്ത ബന്ധുവീടുകളില്‍ മാത്രമേ പോകാറുണ്ടായിരുന്നുള്ളൂ. അയല്‍വാസികളുമായും ബന്ധമുണ്ടായിരുന്നില്ല. നവജിത്തിന്റെ ഭാര്യാസഹോദരനാണ് ഇയാളുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments