വില്‍നിയസ് (ലിത്വാനിയ): അയല്‍രാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനായി പറത്തുന്ന ബലൂണുകള്‍കൊണ്ടു സഹികെട്ട ലിത്വാനിയ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് യുക്രെയ്ന്‍ അനുഭാവമുള്ള ലിത്വാനിയയുടെ നിലപാട്. ബലൂണുകള്‍ വ്യോമഗതാഗതത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വില്‍നിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു.
ബെലാറൂസിന്റേത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യോമാക്രമണമാണെന്നു വിലയിരുത്തിയാണ് മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി ഇംഗ റൂജീനീയെനെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിര്‍ത്തിയില്‍ സൈനിക പരിശോധനയും ശക്തമാക്കി.
സിഗരറ്റ് കടത്താന്‍ വേണ്ടി കള്ളക്കടത്തുകാര്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ലിത്വാനിയയിലേക്ക് ബലൂണുകള്‍ പറത്തിവിടുന്നതു പതിവായിരുന്നു. എന്നാല്‍, അടുത്തിടെ ഇതിന്റെ എണ്ണം വര്‍ധിച്ചതാണ് സംശയമുയര്‍ത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇതിന്റെ പേരില്‍ അതിര്‍ത്തി അടച്ചിരുന്നു. സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ ബെലാറൂസിനെതിരെ പോളണ്ട് ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.




