തോട്ടയ്ക്കാട്( കോട്ടയം): അതിഥിത്തൊഴിലാളിയുടെ മകന് സ്വന്തം മണ്ണില്‍ അന്ത്യനിദ്രയൊരുക്കി സ്ഥാപനം ഉടമ. രക്താര്‍ബുദത്തെത്തുടര്‍ന്ന് മരിച്ച ഒന്‍പത് വയസ്സുകാരന്‍ സര്‍ജു ഗൗറിനാണ് കോട്ടയത്തിനടുത്ത് തോട്ടയ്ക്കാട്ടെ മണ്ണില്‍ ചിതയൊരുക്കിയത്. സര്‍ജുവിന്റെ അച്ഛന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ പുളിമൂട്ടില്‍ ജോണ്‍ ജേക്കബിന്റെ പറമ്പില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.
തോട്ടയ്ക്കാട് സിഎംഎസ് എല്‍പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയും അസം സ്വദേശികളായ കൃഷ്ണ-അമൃത ദമ്പതിമാരുടെ ഏക മകനുമാണ് സര്‍ജു. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. തിരിച്ചുവന്ന് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ രോഗം കൂടിയതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വര്‍ഷങ്ങളായി തോട്ടയ്ക്കാട് പുളിമൂട്ടില്‍ ജോണ്‍ ജേക്കബിന്റെ പാലിറൂഫ് എന്ന സെറാമിക് സ്ഥാപനത്തിലെ ജോലിക്കാരാണ് സര്‍ജുവിന്റെ മാതാപിതാക്കള്‍. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥികളിലൊരാളായിരുന്നു സര്‍ജുവെന്ന് പ്രധമാധ്യാപിക സെലിന്‍ തോമസ് പറഞ്ഞു. ഗണിതത്തില്‍ മികവ് കാട്ടിയ കുട്ടി മലയാളവും വശമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്.
ചിതാഭസ്മം വിമാനത്തില്‍ അസമിലെത്തിച്ച് ബാക്കി കര്‍മങ്ങള്‍ നടത്താനുള്ള ക്രമീകരണം ഒരുക്കിയതായി ജോണ്‍ ജേക്കബ് പറഞ്ഞു. അന്തിമോപാരം അര്‍പ്പിക്കാന്‍ സ്‌കൂളില്‍നിന്ന് സഹപാഠികളും അധ്യാപകരും എത്തിയിരുന്നു.




