തൃശ്ശൂർ ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസിലെ റേഞ്ച് ഇൻസ്പെക്‌ടർ ബാർ ഉടമകളിൽ നിന്നും, കള്ള് ഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടിയായി കൈക്കൂലി പണം കൈപ്പറ്റാറുണ്ടെന്നും, റേഞ്ച് ഇൻസ്പെക്ടർ താൽക്കാലികമായി താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും തൃശ്ശൂർ എരവിമംഗലത്തുള്ള വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസങ്ങളിൽ വഴിയിൽ വച്ചാണ് കൈക്കൂലി പണം വാങ്ങാറുള്ളതെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി വിജിലൻസ് ഈ ഉദ്യോഗസ്ഥനെ നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നേ ദിവസം (22.12.2025) റേഞ്ച് ഇൻസ്പെക്ടർ ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങി വീട്ടിലേക്ക് പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം പാലിയേക്കര ടോൾ പ്ലാസയ്ക് സമീപത്തുവച്ച് വിജിലൻസ് മിന്നൽ പരിശോധനാസംഘം തടഞ്ഞ് നിർത്തി. ഈ സമയം ഉദ്യോഗസ്ഥൻ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത കൈക്കൂലി പണമായ 32,500/-രൂപ കാറിന് പുറത്തേക്ക്
വലിച്ചെറിഞ്ഞത് വിജിലൻസ് സംഘം പിടിച്ചെടുത്തു. വൈകുന്നേരം 06.15 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന വൈകിയും തുടരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.




