വാഷിങ്ടന്‍: ഗ്രീന്‍ലന്‍ഡിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിക്ക് ഗ്രീന്‍ലന്‍ഡിന്റെ പ്രത്യേക പ്രതിനിധിയായി ട്രംപ് അധികച്ചുമതല നല്‍കി. ഇതോടെ ധാതുസമ്പന്നമായ ആര്‍ട്ടിക് ദ്വീപ് കയ്യടക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ഊര്‍ജിതമാക്കുകയാണെന്ന് വ്യക്തമായി. യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡ് വടക്കേ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ യുഎസ് സൈനികതാവളമുണ്ട്.
ഗ്രീന്‍ലന്‍ഡിനായി പ്രത്യേക പ്രതിനിധിയെ നിയോഗിച്ച ട്രംപിന്റെ നടപടിയില്‍ ഡെന്‍മാര്‍ക്ക് പ്രതിഷേധം അറിയിച്ചു. ഗ്രീന്‍ലന്‍ഡ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സനും ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡെറിക് നീല്‍സനും ആവര്‍ത്തിച്ചു വ്യക്തമാക്കി. ഗ്രീന്‍ലന്‍ഡ് യുഎസിന്റെ ഭാഗമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ച വ്യക്തിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രത്യേക ദൂതനായി നിയമിച്ചതില്‍ താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലൊക്ക റാസ്മുസന്‍ പറഞ്ഞു.
57,000 പേരാണ് ഗ്രീന്‍ലന്‍ഡില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഡെന്‍മാര്‍ക്കില്‍നിന്നു സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെങ്കിലും യുഎസിന്റെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നാണ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന അഭിപ്രായസര്‍വേയില്‍ വ്യക്തമായത്.




