ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയം ഉള്‍പ്പടെ പരിഗണിക്കുന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാണ് ഒന്‍പതംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനാവിഷയം.
ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബെഞ്ച് എപ്പോള്‍ മുതല്‍ വാദം കേട്ട് തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. വേനലവധിക്ക് മുമ്പ് വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയായി അത് മാറിയേക്കും. ശബരിമല യുവതീപ്രവേശനത്തിന് പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കും.
യുവതീപ്രവേശന വിഷയം പരിഗണിക്കാന്‍ 2019-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു. ആ ബെഞ്ചിലെ അംഗങ്ങളില്‍ ഇപ്പോള്‍ സുപ്രീം കോടതിയിലുള്ള ഏക ജഡ്ജി നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ്. ബെഞ്ചിലെ മറ്റ് അംഗങ്ങള്‍ എസ്.എ. ബോബ്‌ഡെ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എല്‍.നാഗേശ്വര റാവു, മോഹന്‍ എം.ശാന്തന ഗൗഡര്‍, എസ്.അബ്ദുല്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, ബി.ആര്‍.ഗവായ് എന്നിവരായിരുന്നു.




