Monday, June 22, 2026
Google search engine
Homeഞാറ്റു വേല ചന്തകളുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനത്തിന് പ്രചാരണമായി അമ്പൂരിയിൽ ശ്രദ്ധേയമായി വിത്ത് യാത്ര

ഞാറ്റു വേല ചന്തകളുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനത്തിന് പ്രചാരണമായി അമ്പൂരിയിൽ ശ്രദ്ധേയമായി വിത്ത് യാത്ര

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്തകളുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ‘വിത്ത് യാത്ര’ ശ്രദ്ധേയമായി. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് മംഗലശ്ശേരി വിത്ത് യാത്ര ഉദ്ഘാടനം ചെയ്തു.
അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലയിൽ കൃഷി ചെയ്യുന്ന തനത് ജൈവവിളകളുടെ വിത്തുകൾ ശേഖരിച്ചുകൊണ്ടാണ് യാത്രയ്ക്ക് തുടക്കമായത്. ഊരുമൂപ്പൻ കൃഷ്ണൻകുട്ടി കാണിയുടെ നേതൃത്വത്തിൽ യുവ കർഷകരും നാട്ടുകാരും പങ്കെടുത്ത യാത്ര, കാർഷിക പാരമ്പര്യവും തനത് വിത്ത് സമ്പത്തും സംരക്ഷിക്കേണ്ടതിന്റെ സന്ദേശമാണ് ഉയർത്തിപ്പിടിച്ചത്.
പച്ചിലകൾ കൊണ്ട് അലങ്കരിച്ച പുരവിമലക്കടവിൽ നിന്ന് തിരുവാതിര ഞാറ്റുവേലയുടെ വരവറിയിച്ച് പരമ്പരാഗത മൺപാട്ടുകളുടെ അകമ്പടിയോടെയായിരുന്നു യാത്രയുടെ തുടക്കം. പരമ്പരാഗത വേഷവിധാനത്തിൽ കടമ്പൻ മൂത്താൻ തോണിയേറി പുരവിമലക്കടവിലെത്തിയപ്പോൾ ഊരുമൂപ്പൻ സ്നേഹാദരവോടെ സ്വീകരണം നൽകി. തുടർന്ന് തനത് ജൈവവിളകളുടെ വിത്തുകൾ കടമ്പൻ മൂത്താന് കൈമാറി. കാണിക്കാർ സമൂഹത്തിലെ പെൺകുട്ടികൾ ആലപിച്ച ഞാറ്റുവേല പാട്ടുകൾ യാത്രയ്ക്ക് സാംസ്കാരിക മികവ് പകർന്നു.
കുമ്പിച്ചൽ കടവിലെത്തിയ യാത്രയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് മംഗലശ്ശേരിയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. അഗസ്ത്യമലയുടെ ഉറവകളാൽ പോഷിപ്പിക്കപ്പെടുന്ന നെയ്യാറിന്റെ ജലം കാർഷിക സംസ്കാരം കൈമാറലിന്റെ പ്രതീകമായി ഊരുമൂപ്പന് കൈമാറി. തുടർന്ന് നിറപന്തം തെളിയിച്ച് കാർഷിക പാരമ്പര്യത്തിന്റെ തുടർച്ചയുടെയും തലമുറകളുടെ പങ്കാളിത്തത്തിnന്റെയും പ്രതീകമായി യാത്ര തുടക്കം കുറിച്ചു.
“കാട്ടിലെ കണിവിത്തുമായി മൂപ്പനും കർഷകരും കാടിറങ്ങി വരുന്നു” എന്ന സന്ദേശമുയർത്തിയാണ് വിത്ത് യാത്ര aആരംഭിച്ചത്. ജൂൺ 22ന് കല്ലിയൂരിൽ നടക്കുന്ന കർഷകസഭകളുടെയും ഞാറ്റുവേലച്ചന്തകളുടെയും സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പ്രചാരണ പരിപാടിയായാണ് വിത്ത് യാത്ര സംഘടിപ്പിച്ചത്.
ചടങ്ങിൽ അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സീന റാണി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. കെ. ഷെരീഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോസഫ് മാത്യു പോളക്കാൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന പ്രസാദ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കാക്കാമൂല ബിജു, കൃഷിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ടി. അനിൽകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. മഹേഷ്, പള്ളിച്ചൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ശ്രീ. സുഭാഷ് എസ്.എസ്., അമ്പൂരി കൃഷി ഓഫീസർ ശ്രീമതി എം.ആർ. ഷീജ, കൃഷി അസിസ്റ്റന്റുമാരായ ശ്രീ. ജെ.എസ്. അനിൽകുമാർ, ശ്രീ. എസ്.കെ. ഷിനു എന്നിവർ പങ്കെടുത്തു. കൂടാതെ ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, ആദിവാസി സമൂഹ പ്രതിനിധികൾ, യുവജനങ്ങൾ തുടങ്ങിയവരും പരിപാടിയിൽ സജീവമായി പങ്കാളികളായി.
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തനത് കാർഷിക മേഖലയെ പ്രതിനിധീകരിക്കുന്ന വിത്തുകളും നടീൽ വസ്തുക്കളും കല്ലിയൂരിൽ നടക്കുന്ന ഞാറ്റുവേല ചന്തകളുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടന വേദിയിൽ കൃഷി മന്ത്രി ടി. സിദ്ദിഖിന് കൈമാറും. അമ്പൂരിയിൽ നിന്ന് എത്തിക്കുന്ന ഈ വിത്തുകളും നടീൽ വസ്തുക്കളും പിന്നീട് കല്ലിയൂരിൽ കൃഷി ചെയ്ത് പരിപാലിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. തനത് കാർഷിക ഇനങ്ങളുടെ സംരക്ഷണത്തിന്റെയും പ്രചാരണത്തിന്റെയും പ്രതീകാത്മക പ്രവർത്തനമായാണ് ഇത് നടപ്പാക്കുന്നത്.
ഞാറ്റുവേല ചന്തകളുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ 22-ന് വൈകിട്ട് 3 മണിക്ക് കല്ലിയൂർ ശാസ്താ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. കോവളം നിയോജകമണ്ഡലം എം.എൽ.എ. എം. വിൻസെന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പദ്ധതി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ കൃഷിഭവൻ പരിധികളിലും ജൂൺ 22 മുതൽ ജൂലൈ 5 വരെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഞാറ്റുവേല അധിഷ്ഠിത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നതിനുമാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments