Thursday, September 3, 2026
Google search engine
Homeഓണസമൃദ്ധിയുമായി കൃഷിവകുപ്പ്; സംസ്ഥാനത്ത് 2,000 കർഷക ചന്തകൾക്ക് തുടക്കം**സംഭരണം മുതൽ പണമടയ്ക്കൽ വരെ ഡിജിറ്റൽ സംവിധാനത്തിൽ;...

ഓണസമൃദ്ധിയുമായി കൃഷിവകുപ്പ്; സംസ്ഥാനത്ത് 2,000 കർഷക ചന്തകൾക്ക് തുടക്കം**സംഭരണം മുതൽ പണമടയ്ക്കൽ വരെ ഡിജിറ്റൽ സംവിധാനത്തിൽ; കർഷകർക്കുള്ള തുക DBT വഴി നേരിട്ട് അക്കൗണ്ടിലേക്ക്**പച്ചക്കറി സംഭരണ കുടിശ്ശിക ഈ മാസം പൂർണമായി തീർപ്പാക്കും: കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്*

തിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 2,000 ‘ഓണസമൃദ്ധി 2026’ കർഷക ചന്തകൾക്ക് തുടക്കമായി. കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിച്ച് കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയും ഉറപ്പാക്കുന്ന ശക്തമായ വിപണി ഇടപെടലാണ് ഓണസമൃദ്ധി കർഷക ചന്തകളിലൂടെ സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഉത്സവകാലത്ത് വിപണിയിൽ ഉണ്ടാകാവുന്ന അനാവശ്യ വിലക്കയറ്റത്തിനും ഊഹക്കച്ചവടത്തിനുമെതിരായ ഫലപ്രദമായ ഇടപെടൽ കൂടിയാണിത്. ഇതിനാവശ്യമായ സബ്സിഡി ഉൾപ്പെടെയുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 2,000 കർഷക ചന്തകളിൽ 1,074 എണ്ണം കൃഷിവകുപ്പും, 766 എണ്ണം ഹോർട്ടികോർപ്പും, 160 എണ്ണം VFPCKയും സംഘടിപ്പിക്കുന്നു. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധികവില നൽകുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യും. ജൈവ കാർഷിക ഉൽപ്പന്നങ്ങൾക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ജൈവ ഉൽപ്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 20 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് സംഭരിക്കുകയും, ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഓണക്കാലത്ത് കുടുംബങ്ങളുടെ ചെലവുഭാരം കുറയ്ക്കുക എന്ന ഇരട്ട ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കർഷകരെ ചേർത്തുനിർത്തിയുള്ള വിപണി ഇടപെടലിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലെത്തുമ്പോൾ ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് നടത്തിയ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് ₹2.73 കോടിയിലധികം കുടിശ്ശിക നൽകാനുണ്ടായിരുന്നു. ഈ തുക പൂർണമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിതരണം പൂർത്തിയായിവരികയാണെന്നും മന്ത്രി അറിയിച്ചു. ഹോർട്ടികോർപ്പ് മൊത്തവ്യാപാരികൾക്ക് നൽകാനുണ്ടായിരുന്ന തുകയും തീർപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. VFPCK പഴം/പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള കുടിശ്ശികയും മുഴുവനായി ഈ മാസം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കർഷകന് ഉൽപ്പന്നത്തിന്റെ വില സമയബന്ധിതമായി ലഭ്യമാക്കാതെ വിപണി ഇടപെടലുകൾ പൂർണമാകില്ലെന്നും കർഷകന്റെ ആശങ്കകൾ പരിഹരിച്ച് അവരെ ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ ഓണസമൃദ്ധി കർഷക ചന്തകളുടെ പ്രധാന പ്രത്യേകതയായി സംയോജിത ഡിജിറ്റൽ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ വിവരങ്ങളും വിപണനവുമായി ബന്ധപ്പെട്ട കണക്കുകളും തത്സമയം രേഖപ്പെടുത്താനും നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. അതോടൊപ്പം, കർഷകർക്ക് ഉൽപ്പന്നങ്ങളുടെ വിലയായി ലഭിക്കേണ്ട തുക DBT മുഖേന കാലതാമസമില്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുന്നതിനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓരോ ചന്തയിലെയും കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം മുതൽ വിപണനവും കർഷകർക്കുള്ള പണമടയ്ക്കലും വരെ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിക്കാനാകും.
സംയോജിത ഡിജിറ്റൽ മാർക്കറ്റിങ് സംവിധാനത്തിന്റെ🌹 പ്രവർത്തനോദ്ഘാടനം കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് ഐ.എ.എസ്. നിർവഹിച്ചു.
ഓണച്ചന്തകളുടെ പ്രവർത്തന മികവ് ഉയർത്തുന്നതിനായി A, B, C ഗ്രേഡുകളായി തരംതിരിക്കുന്ന പുതിയ സംവിധാനവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് ടേൺഓവർ, സെയിൽസ് ടേൺഓവർ, വിൽപ്പന കാര്യക്ഷമത എന്നീ പ്രകടന സൂചികകളുടെ അടിസ്ഥാനത്തിലാണ് വിപണികളുടെ പ്രവർത്തനം വിലയിരുത്തുന്നത്. പ്രവർത്തന മികവിന് അനുസൃതമായി പ്രോത്സാഹനം നൽകുന്നതിലൂടെ ഓണച്ചന്തകൾക്കിടയിൽ ആരോഗ്യകരമായ മത്സരബോധം വളർത്തുന്നതിനും പ്രവർത്തന കാര്യക്ഷമത തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
കുടപ്പനക്കുന്ന് കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായി ഉയർത്തണമെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ ആവശ്യപ്രകാരം അതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് ചടങ്ങിൽ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന മറ്റ് ഓണാഘോഷ പരിപാടികളിലെ തിരക്കുകൾ മൂലം ആരോഗ്യവകുപ്പ് മന്ത്രിക്ക് ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല.ഉദ്ഘാടനത്തിന്റെ ഭാഗമായി കർഷകൻ ലിൻസ് കുമാർ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ കൃഷിമന്ത്രി ഏറ്റുവാങ്ങി. തുടർന്ന് സംഭരിച്ച പച്ചക്കറികളുടെ ആദ്യ വിൽപ്പന മുതിർന്ന കർഷകനും ജില്ലാ കാർഷിക സമിതി അംഗവുമായ എം. മദനദേവൻ നായർക്ക് നൽകിക്കൊണ്ട് മന്ത്രി നിർവഹിച്ചു. ചടങ്ങിൽ വനിതാ കർഷക ശ്രീജയെ മന്ത്രി ആദരിച്ചു. കുരുവി സ്‌പൈസസിന്റെ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. കുടപ്പനക്കുന്ന് കർഷക ചന്തയുടെ പ്രവർത്തനോദ്ഘാടനത്തോടെയാണ് സംസ്ഥാനത്തെ 2,000 ഓണസമൃദ്ധി കർഷക ചന്തകളുടെ പ്രവർത്തനത്തിനും ഔപചാരിക തുടക്കമായത്.
കിണവൂർ വാർഡ് കൗൺസിലർ ബി. സുഭാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് ഐ.എ.എസ്. സ്വാഗതം ആശംസിച്ചു. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്., അമ്പലമുക്ക് വാർഡ് കൗൺസിലർ ജയന്തി ആർ.സി., കൃഷി അഡീഷണൽ ഡയറക്ടർമാരായ സിന്ധു എസ്., സപ്ന എസ്., പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി., ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി., കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആഗസ്റ്റ് 22 മുതൽ 25 വരെ പ്രവർത്തിക്കുന്ന ഓണസമൃദ്ധി കർഷക ചന്തകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്ന ഈ ജനകീയ വിപണി ഇടപെടലിന്റെ ഭാഗമാകണമെന്നും അഭ്യർഥിച്ച മന്ത്രി എല്ലാവർക്കും ഓണാശംസകൾ നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments