Wednesday, April 8, 2026
Google search engine
HomeNewsKerala Newsമാല കിട്ടിയത് ചവറുകൂനയില്‍ നിന്നെന്ന് പരാതിക്കാരിയില്‍ നിന്ന് എഴുതി വാങ്ങി, ബിന്ദുവിനെ കുടുക്കിയത് പൊലീസിന്റെ തിരക്കഥ;...

മാല കിട്ടിയത് ചവറുകൂനയില്‍ നിന്നെന്ന് പരാതിക്കാരിയില്‍ നിന്ന് എഴുതി വാങ്ങി, ബിന്ദുവിനെ കുടുക്കിയത് പൊലീസിന്റെ തിരക്കഥ; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വീട്ടുജോലിക്കാരിയായ ദലിത് യുവതിയെ മാലമോഷണക്കേസില്‍ കുടുക്കിയ സംഭവം പൂര്‍ണമായും പൊലീസ് തിരക്കഥയാണെന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേസിലെ പരാതിക്കാരിയായ പരൂര്‍ക്കട എന്‍സിസി നഗര്‍ ബഥേല്‍ വീട്ടില്‍ ഓമന ഡാനിയല്‍ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ മകള്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തി സ്വര്‍ണമാല സോഫയ്ക്കടിയില്‍നിന്നു കിട്ടിയെന്ന് അറിയിച്ചിട്ടും അക്കാര്യം മറച്ചുവയ്ക്കാനാണ് പേരൂര്‍ക്കട എസ്ഐ പ്രസാദ് ആവശ്യപ്പെട്ടതെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാല വീടിനു പിന്നിലെ ചവറ്റുകൂനയില്‍നിന്നാണ് കിട്ടിയതെന്നു പറഞ്ഞാല്‍ മതിയെന്നാണ് എസ്ഐ, ഓമനയോടു പറഞ്ഞത്. ഓമനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെ ജോലിക്കാരിയായ ആര്‍.ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത് വെള്ളം പോലും നല്‍കാതെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തി മാനസികമായി പൊലീസ് പീഡിപ്പിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് ഓമന എത്തി വീട്ടിലെ സോഫയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന മാല കിട്ടിയ വിവരം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും മാല സോഫയ്ക്കടിയില്‍നിന്നു കിട്ടിയ വിവരം പുറത്തറിഞ്ഞാല്‍ അത് തന്നെ ബാധിക്കുമെന്നും എസ്ഐ ഓമനയോടു പറഞ്ഞു. ബിന്ദുവിന്റെ അന്യായ കസ്റ്റഡി ന്യായീകരിക്കാന്‍, മാല കിട്ടിയത് വീടിനു പിന്നലെ ചവറുകൂനയില്‍നിന്നാണെന്ന് എഴുതി ഒപ്പിട്ടു നല്‍കണമെന്നും എസ്ഐ പ്രസാദ് ആവശ്യപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ എഡ്വിന്‍ അത്തരത്തില്‍ മൊഴി എഴുതി പരാതിക്കാരിയെക്കൊണ്ട് ഒപ്പിട്ടു വാങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് ബിന്ദുവിനെ കേസില്ലെന്നു പറഞ്ഞ് സ്റ്റേഷനില്‍നിന്നു വിട്ടയച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. മാല സോഫയ്ക്കടിയില്‍നിന്നാണ് കിട്ടിയതെന്ന് അറിഞ്ഞാല്‍ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞ് സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐയും പോലീസുകാരും കൂടിയാലോചിച്ചാണ് തിരക്കഥ തയാറാക്കിയതെന്നും എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്നും പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ എസ്ഐ പ്രസാദ് ബാബുവിനെയും എഎസ്ഐ പ്രസന്ന കുമാറിനെയും സസ്പെന്‍ഡ് ചെയ്യുകയും ശിവകുമാറിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. അപമാനിച്ച പൊലീസുകാര്‍ക്കും ഓമന, മകള്‍ എന്നിവര്‍ക്കുമെതിരെ ബിന്ദു നല്‍കിയ കേസില്‍ 12ന് നെടുമങ്ങാട് കോടതി വാദം കേള്‍ക്കും. പട്ടികജാതി, വര്‍ഗ കമ്മിഷന്റെ നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments