വാഷിങ്ടന്‍: സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ വീണ്ടും പാസാകാതെ വന്നതോടെ യുഎസ് അടച്ചുപൂട്ടല്‍ രണ്ടാം ദിനവും തുടരുന്നു. വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷവും സെനറ്റില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 55-45 എന്ന നിലയിലാണ് സെനറ്റില്‍ ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ രണ്ടാം ദിനവും നിലച്ചത് സാധാരണക്കാരേയും ബാധിച്ച അവസ്ഥയിലാണ്. അതിനിടെ ഏഴര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആവര്‍ത്തിച്ച് വൈറ്റ്ഹൗസ് വീണ്ടും രംഗത്തെത്തി.
പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് കോണ്‍ഗ്രസ് പാസാക്കുന്നതാണ് യുഎസിലെ രീതി. എന്നാല്‍ ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും സെനറ്റില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ല. 60 വോട്ടെങ്കിലും ലഭിച്ചാലേ ധനാനുമതി ബില്‍ പാസാകുകയുള്ളൂ. ഇതോടെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിച്ചു. ബില്‍ വെള്ളിയാഴ്ച വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും.




