Sunday, April 12, 2026
Google search engine
HomeNewsസിങ്കപ്പൂരിലെ ടൂറിനിടെ ലൈംഗികത്തൊഴിലാളികളില്‍ നിന്ന് മോഷണം; 2 ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയും ചൂരലടിയും

സിങ്കപ്പൂരിലെ ടൂറിനിടെ ലൈംഗികത്തൊഴിലാളികളില്‍ നിന്ന് മോഷണം; 2 ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയും ചൂരലടിയും

സിങ്കപ്പുര്‍: സിങ്കപ്പൂരില്‍ ലൈംഗികത്തൊഴിലാളികളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷയും ചൂരലടിയും. അറൊക്കിയസാമി ഡെയ്സണ്‍ (23), രാജേന്ദ്രന്‍ മയിലരശന്‍ (27) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് അഞ്ച് വര്‍ഷവും ഒരു മാസവും തടവും 12 ചൂരലടിയും ശിക്ഷ വിധിച്ചു. സിങ്കപ്പൂരില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹോട്ടല്‍ മുറികളില്‍ വെച്ച് രണ്ട് ലൈംഗികത്തൊഴിലാളികളെ ഇവര്‍ ആക്രമിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി ‘ദ സ്‌ട്രെയിറ്റ്‌സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

അവധിയാഘോഷത്തിനായി ഏപ്രില്‍ 24-ന് ഇന്ത്യയില്‍ നിന്ന് സിങ്കപ്പൂരിലെത്തിയ ഇവര്‍ രണ്ട് ദിവസത്തിന് ശേഷം ലിറ്റില്‍ ഇന്ത്യ പ്രദേശത്തുകൂടി നടക്കുമ്പോള്‍, ഒരു അജ്ഞാതന്‍ അവരെ സമീപിച്ച് ലൈംഗികത്തൊഴിലാളികളെ ആവശ്യമുണ്ടോ എന്ന് ചോദിച്ചതായി കോടതിയില്‍ ബോധിപ്പിച്ചു. ഇയാള്‍ രണ്ട് സ്ത്രീകളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അവര്‍ക്ക് നല്‍കി. ഈ സ്ത്രീകളെ വിളിച്ച് ഹോട്ടല്‍ മുറിയില്‍ വെച്ച് കവര്‍ച്ച നടത്താമെന്നും അറൊക്കിയസാമി രാജേന്ദ്രനോട് പറഞ്ഞു. രാജേന്ദ്രന്‍ ഇത് സമ്മതിച്ചു. അന്ന് വൈകുന്നേരം 6 മണിയോടെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് സ്ത്രീകളില്‍ ഒരാളുമായി ഇവര്‍ കൂടിക്കാഴ്ച ഏര്‍പ്പാടാക്കി.

മുറിയില്‍ പ്രവേശിച്ച ശേഷം, ഇരയുടെ കൈകളും കാലുകളും വസ്ത്രങ്ങള്‍ ഉപയോഗിച്ച് കെട്ടിയിട്ട് മുഖത്തടിച്ചു. യുവതിയില്‍നിന്ന് ആഭരണങ്ങള്‍, 2,000 സിങ്കപ്പുര്‍ ഡോളര്‍ , പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡുകള്‍ എന്നിവയും ഇവര്‍ കവര്‍ന്നു. അന്ന് രാത്രി 11 മണിയോടെ മറ്റൊരു ഹോട്ടലില്‍ വെച്ച് രണ്ടാമത്തെ സ്ത്രീയുമായി ഇവര്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. അവരുടെ പക്കല്‍നിന്ന് 800 സിങ്കപ്പുര്‍ ഡോളര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, പാസ്പോര്‍ട്ട് എന്നിവ അവര്‍ മോഷ്ടിച്ചു. തങ്ങള്‍ മടങ്ങിവരുന്നത് വരെ മുറി വിട്ടുപോകരുതെന്ന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അടുത്ത ദിവസം രണ്ടാമത്തെ ഇര സംഭവം മറ്റൊരാളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഭിഭാഷകരില്ലാതിരുന്ന ഇരുവരും ശിക്ഷയില്‍ ഇളവ് തേടി ദയ കാണിക്കണമെന്നും ശിക്ഷ കുറയ്ക്കണമെന്നും ജഡ്ജിയോട് അഭ്യര്‍ഥിച്ചു.കഴിഞ്ഞ വര്‍ഷം അച്ഛന്‍ മരിച്ചതായും തനിക്ക് മൂന്ന് സഹോദരിമാരുണ്ടെന്നും പണമില്ലാത്തതുകൊണ്ടാണ് ഇതുചെയ്തതെന്നും ദ്വിഭാഷി മുഖേന അറൊക്കിയസാമി കോടതിയില്‍ പറഞ്ഞു. തന്റെ ഭാര്യയും കുഞ്ഞും ഇന്ത്യയില്‍ തനിച്ചാണെന്നും അവര്‍ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുമാണ് രാജേന്ദ്രന്റെ ഭാഷ്യം.

സിങ്കപ്പൂരിലെ നിയമപ്രകാരം, കവര്‍ച്ചയ്ക്കിടെ മനഃപൂര്‍വം പരിക്കേല്‍പ്പിക്കുന്നവര്‍ക്ക് അഞ്ച് മുതല്‍ 20 വര്‍ഷം വരെ തടവും കുറഞ്ഞത് 12 ചൂരലടിയും ശിക്ഷയായി ലഭിക്കാമെന്ന് ‘ദ സ്‌ട്രെയിറ്റ്‌സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments