കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി സെന്തില്‍ നാഥന്‍ രംഗത്ത്. 1999-ല്‍ ദ്വാരപാലക ശില്പങ്ങളില്‍ അടക്കം സ്വര്‍ണം പൊതിഞ്ഞിരുന്നെന്ന് ദേവസ്വം വിജിലന്‍സിനെ അറിയിക്കുകയും മൊഴിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1999-ല്‍ വിജയ് മല്യക്ക് വേണ്ടി സന്നിധാനത്തെത്തി സ്വര്‍ണം പൊതിഞ്ഞത് പരിശോധിച്ച ആളാണ് സെന്തില്‍ നാഥന്‍.
ശബരിമല സ്വര്‍ണപ്പാളി വിവാദം വലിയ വിഷയമായി കത്തിക്കയറുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ സെന്തില്‍ നാഥന്‍ നടത്തിയത്.
ശബരിമലയിലെ സ്വര്‍ണപ്രവൃത്തികള്‍ക്കായി 30.3 കിലോഗ്രാം സ്വര്‍ണം നല്‍കിയതായി തനിക്ക് അറിവുണ്ടെന്നും മാതൃഭൂമി തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സെന്തില്‍ നാഥന്‍ വ്യക്തമാക്കി. ദ്വാരപാലക ശില്പങ്ങളില്‍ മാത്രം ഏകദേശം 2.5 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ചിരുന്നതായി തനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സെന്തില്‍ നാഥന്‍ ആരോപിച്ചു. സ്മാര്‍ട്ട് ക്രിയേഷന്‍ കമ്പനി തങ്ങള്‍ക്ക് ലഭിച്ചത് 100% ചെമ്പാണെന്ന് പറയുന്നുണ്ടെങ്കില്‍, എന്ത് വസ്തുവാണ് കിട്ടിയതെന്നും എത്ര തൂക്കം ഉണ്ടായി എന്നും അവര്‍ വ്യക്തമാക്കണം. വെറുതെ ഒരു സാധനം സ്വര്‍ണം പൂശിക്കൊടുത്തുവെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണപ്പാളികള്‍ ചെന്നൈക്ക് കൊണ്ടുപോയി ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സെന്തില്‍ നാഥന്‍ വ്യക്തമാക്കി.
ദേവസ്വത്തിന്റെ പക്കല്‍ രേഖകളുണ്ട്. ഓഡിറ്റോ ഇന്‍സ്പെക്ഷനോ എന്തു വന്നാലും റെക്കോര്‍ഡ്‌സ് വെക്കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. അതിനാല്‍, ദേവസ്വം രേഖകള്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1950-55 കാലഘട്ടത്തില്‍ പോലും സംഭാവന ചെയ്തവരുടെ രേഖകള്‍ ഉണ്ടായിരുന്നുവെന്ന് അധികാരികള്‍ പറയുന്നു. അങ്ങനെയെങ്കില്‍, 2019-ലെ രേഖകള്‍ എവിടെ പോയി എന്ന ചോദ്യം ഉയരും. ദേവസ്വം വിജിലന്‍സ് ആവശ്യപ്പെട്ടാല്‍, 1999-ല്‍ വെച്ചത് സ്വര്‍ണമായിരുന്നു എന്ന കാര്യത്തില്‍ താന്‍ മൊഴി കൊടുക്കുമെന്നും സെന്തില്‍ നാഥന്‍ വ്യക്തമാക്കി. ശ്രീകോവിലിന് മുകളിലുള്ള റൂഫ് ശരിയാക്കിയപ്പോള്‍ രേഖകള്‍ക്കായി എടുത്ത ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.




