Saturday, April 18, 2026
Google search engine
HomeNewsNational Newsഅധിനിവേശത്തിന്റെ നാളുകള്‍ കഴിഞ്ഞു, നമ്മള്‍ രാമക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയിരിക്കുന്നു മോഹന്‍ ഭാഗവത്

അധിനിവേശത്തിന്റെ നാളുകള്‍ കഴിഞ്ഞു, നമ്മള്‍ രാമക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയിരിക്കുന്നു മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: അധിനിവേശത്തിന്റെ നാളുകള്‍ ഇല്ലാതായതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഞായറാഴ്ച ലഖ്നൗവില്‍ നടന്ന ദിവ്യ ഗീത പ്രേരണ ഉത്സവ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്ന ഭാഗവത് ആത്മീയത, ദേശീയ വ്യക്തിത്വം, ഭാരതീയ നാഗരികത, സമകാലിക വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുകയും രാജ്യത്തെ ‘ഹിന്ദു രാഷ്ട്രം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

എല്ലാ കാലഘട്ടങ്ങളിലും സാഹചര്യങ്ങളിലും ഗീതയിലെ ഉപദേശങ്ങള്‍ വ്യക്തതയും മാര്‍ഗനിര്‍ദേശവും നല്‍കുന്നുവെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാഗവത് പറഞ്ഞു. ”ഗീതയെ അതിന്റെ യഥാര്‍ഥരൂപത്തില്‍ വായിക്കുകയും ആഴത്തില്‍ മനസ്സിലാക്കുകയും വേണം. അപ്പോള്‍ എല്ലാം വ്യക്തമാകും. നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, നിങ്ങളുടെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട പുതിയ എന്തെങ്കിലും കണ്ടെത്തുന്നു എന്നതാണ് ഗീതയുടെ ഒരു പ്രത്യേകത,” ഭാഗവത് പറഞ്ഞു. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ഉറച്ചുനിന്ന് അവയെ നേരിടാനാണ് ഭഗവാന്‍ കൃഷ്ണന്‍ വ്യക്തികളെ പഠിപ്പിക്കുന്നതെന്നും ഗീത ഉദ്ധരിച്ച് ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഭൗതികമായ അഭിവൃദ്ധി വര്‍ധിച്ചിട്ടും ധാര്‍മ്മികതയുടെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയും അഭാവം മൂലം സമൂഹം ബുദ്ധിമുട്ടുകയാണെന്ന് ഭാഗവത് ആശങ്ക പ്രകടിപ്പിച്ചു. ജീവിതത്തില്‍ മുന്നോട്ട് പോകുകയാണെന്ന് പലര്‍ക്കും തോന്നുന്നുണ്ടെങ്കിലും തങ്ങള്‍ തെറ്റായ പാതയിലാണെന്ന് അവര്‍ക്ക് ഇപ്പോഴും തോന്നുന്നുവെന്നും ശരിയായ പാത ഭാരതത്തിന്റെ നാഗരിക മൂല്യങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ ജീവിത പാരമ്പര്യങ്ങള്‍ ഒരുകാലത്ത് ലോകത്തിന് സമാധാനവും ഐക്യവും നല്‍കിയിരുന്നു, അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ച ഭാഗവത് ഒരുകാലത്ത് ഇന്ത്യ വിശ്വഗുരു ആയിരുന്നുവെന്നും എന്നാല്‍ നൂറ്റാണ്ടുകളായുള്ള അധിനിവേശങ്ങള്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും രാജ്യത്തെ അടിമത്വത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്നും പറഞ്ഞു. ‘അധിനിവേശത്തിന്റെ ആ നാളുകള്‍ കഴിഞ്ഞുപോയി. ഇപ്പോള്‍ നമ്മള്‍ രാമക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയിരിക്കുന്നു,’ നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ഭാരതത്തിന്റെ സാംസ്‌കാരിക സ്വത്വം നിലനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തെ ഒരു ഹിന്ദു സമൂഹവും ഹിന്ദു രാഷ്ട്രവും എന്ന് വിശേഷിപ്പിച്ച ഭാഗവത്, ധര്‍മ്മം, കടമ, സേവനം, ത്യാഗം എന്നിവ സ്വീകരിക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തു. ലോകത്തിലെ എല്ലാ പാരമ്പര്യങ്ങളുടെയും അറിവിന്റെയും സത്ത വ്യാസന്‍ ഗീതയിലെ 700 ശ്ലോകങ്ങളിലൂടെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1000 വര്‍ഷം മുന്‍പ് നടന്ന തരത്തിലുള്ള യുദ്ധങ്ങള്‍ ഇന്നും നടക്കുന്നു. കുറ്റകൃത്യങ്ങളും അത്യാഗ്രഹവും അതുപോലെ തന്നെ തുടരുന്നുവെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, 1857-ലെ രക്തസാക്ഷികളെയും ചന്ദ്രശേഖര്‍ ആസാദിനെയും പോലുള്ള വീരന്മാര്‍ക്ക് ഭൗതികമായി ഒന്നും ലഭിച്ചില്ലെങ്കിലും അവരുടെ ത്യാഗങ്ങള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്ന് ഭാഗവത് പറഞ്ഞു.

‘അവരുടെ ജീവിതകാലത്ത് അവര്‍ വിജയം കണ്ടില്ല, പക്ഷേ അവരുടെ ജീവിതം ഇന്നും നമ്മുടെ പാതയ്ക്ക് വെളിച്ചം നല്‍കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments