Monday, June 15, 2026
Google search engine
HomeNewsKerala Newsമണ്ണിനടിയില്‍ നിറയെ സ്വര്‍ണവും ലിഥിയവും; കണ്ടെത്തിയത് കേരളത്തിന്റെ ഈ അയല്‍ സംസ്ഥാനത്ത്, കുഴിച്ചെടുക്കാനാവില്ല

മണ്ണിനടിയില്‍ നിറയെ സ്വര്‍ണവും ലിഥിയവും; കണ്ടെത്തിയത് കേരളത്തിന്റെ ഈ അയല്‍ സംസ്ഥാനത്ത്, കുഴിച്ചെടുക്കാനാവില്ല

ബംഗളൂരു: കണ്‍മുന്നില്‍ നിറയെ സ്വര്‍ണം. ഒപ്പം, ആധുനികകാലത്ത് സ്വര്‍ണത്തേക്കാള്‍ വലിയ പെരുമയും ഡിമാന്‍ഡുമുള്ള ലിഥിയവും. പക്ഷേ, കുഴിച്ചെടുക്കാന്‍ നിര്‍വാഹമില്ല. കേരളത്തിന്റെ തൊട്ടടുത്തുള്ള ഈ സംസ്ഥാനത്തിന് ‘ലോട്ടറി’ അടിച്ചിട്ടും ‘പ്രയോജനപ്പെടുത്താന്‍’ കഴിയാത്ത സ്ഥിതി.

ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ഉള്‍പ്പെടുന്ന കര്‍ണാടകയാണ്; ദേശീയ ഉല്‍പാദനത്തിന്റെ 99 ശതമാനം. ഇതേ കര്‍ണാടകയിലാണ് സംസ്ഥാന മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് ഏതാണ്ട് 65 പ്രദേശങ്ങളിലായി പുതുതായി സ്വര്‍ണവും അപൂര്‍വധാതുവായ (റെയര്‍ എര്‍ത്ത്) ലിഥിയവും കണ്ടെത്തിയത്.

കര്‍ണാടകയിലെ കൊപ്പല്‍ മേഖലയിലാണ് മണ്ണിനടിയില്‍ സ്വര്‍ണമുണ്ടെന്ന് തെളിഞ്ഞത്; റായ്ച്ചൂര്‍ മേഖലയില്‍ ലിഥിയവും. പക്ഷേ, രണ്ടും സംരക്ഷിത വനമേഖലയായതിനാല്‍ കുഴിച്ചെടുക്കാനാവില്ല (മൈനിങ് നടപടി). ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ നടത്താന്‍ നിയമം അനുവദിക്കുന്നില്ലെന്നതാണ് കാരണം.

കൊപ്പല്‍ ജില്ലയിലെ അമ്രപുര്‍ ബ്ലോക്കിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഓരോ ടണ്ണിനും 12-14 ഗ്രാം സ്വര്‍ണം വീതമുണ്ടെന്നാണ് വിവരം. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. സാധാരണ കണ്ടെത്താറുള്ളത് ടണ്ണിന് 2-3 ഗ്രാം മാത്രം. അതായത്, ഖനനം നടത്തുമ്പോള്‍ ഓരോ ടണ്‍ അയിരില്‍നിന്നും സാധാരണ ലഭിക്കാറുള്ളത് 2-3 ഗ്രാം സ്വര്‍ണമാണെങ്കില്‍ അമ്രപുരില്‍ ഖനനം നടത്തിയാല്‍ 12-14 ഗ്രാം വീതം കിട്ടും. പക്ഷേ, ഖനനത്തിന് ചട്ടം അനുവദിക്കുന്നില്ല.

രാജ്യത്ത് ജമ്മു കശ്മീരിന് ശേഷം ലിഥിയമുണ്ടെന്ന് തെളിഞ്ഞ മേഖലയാണ് റായ്ച്ചൂര്‍. അമരേശ്വര എന്ന പ്രദേശത്താണ് ലിഥിയമുള്ളത്. ഇവിടെയും ഖനനം നടത്തണമെങ്കില്‍ പ്രത്യേക അനുമതിതന്നെ വേണ്ടിവരും. ഇതും സംരക്ഷിത വനമേഖലയാണ്. ഈ മേഖലയില്‍ ലിഥിയമുണ്ടെന്ന് 2023ലും കൊപ്പലില്‍ സ്വര്‍ണമുണ്ടെന്ന് 2000ലും സൂചന ലഭിച്ചിരുന്നു. സ്ഥിരീകരിച്ചത് ഇപ്പോള്‍. അനധികൃതമായി ഖനനം നടത്തുന്നവരുടെ സാന്നിധ്യവും തിരിച്ചറിഞ്ഞതിനാല്‍, ഇവിടങ്ങളില്‍ ഖനനം നടത്താന്‍ പ്രത്യേക അനുമതി വേണമെന്ന ആവശ്യം ജിയോളജി വകുപ്പ് ഉയര്‍ത്തിയിട്ടുണ്ട്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംസ്ഥാന മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് 57 കേന്ദ്രങ്ങളിലും സ്വകാര്യ ഏജന്‍സികളുമായി ചേര്‍ന്ന് 8 കേന്ദ്രങ്ങളിലും മറ്റ് അപൂര്‍വ ലോഹങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ബോക്‌സൈറ്റ്, ചെമ്പ്, നിക്കല്‍, ടങ്സ്റ്റന്‍, വനേഡിയം, യുറേനിയം, വജ്രം, മാന്‍ഗനീസ്, ക്രോമൈറ്റ് തുടങ്ങിയവയുടെയും അപൂര്‍വധാതുക്കളായ കയാനൈറ്റ്, സിനോടൈം എന്നിവയുടെയും സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ഇന്ത്യയില്‍ മണ്ണിനടിയില്‍ ഖനനം കാത്തുകിടക്കുന്ന സ്വര്‍ണത്തിന്റെ കണക്കെടുത്താല്‍ 44 ശതമാനം വിഹിതവുമായി മുന്നില്‍ ബിഹാറാണ്. രാജസ്ഥാന്‍ (25%), കര്‍ണാടക (21%), ബംഗാള്‍ (3%), ആന്ധ്രാപ്രദേശ് (3%), ജാര്‍ഖണ്ഡ് (2%) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നില്‍. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ബാക്കി 2%.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments