മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരില്‍നിന്ന് 7 തവണ ലോക്‌സഭയിലെത്തി. 2004 മുതല്‍ 2008വരെ ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശിവരാജ് പാട്ടീല്‍ രാജിവച്ചിരുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബര്‍ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്സിയും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടി.
1972 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ചു. 1980ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴു തവണ ലോക്‌സഭാംഗമായിരുന്നു. 1980 മുതല്‍ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1996 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. 2010 മുതല്‍ 2015വരെ പഞ്ചാബ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു.




