Tuesday, July 21, 2026
Google search engine
Homeമിഷന്‍ സമുദ്രയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമഗ്ര കപ്പല്‍ നിര്‍മാണ ഇക്കോസിസ്റ്റമായി കേരളത്തെ മാറ്റുകയെന്നത്*

മിഷന്‍ സമുദ്രയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമഗ്ര കപ്പല്‍ നിര്‍മാണ ഇക്കോസിസ്റ്റമായി കേരളത്തെ മാറ്റുകയെന്നത്*

മുഖ്യമന്ത്രി അടുത്തിടെ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് കപ്പല്‍നിര്‍മാണ മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകര്‍ഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചത്.

വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല.

ഇതിന്റെ ഭാഗമായാണ് മലബാര്‍ സിമന്റ്‌സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്‌സണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് (Joint Venture) സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആധുനികമായ ഷിപ്പ് ബില്‍ഡിംഗ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാനനമായ ചുവടുവെപ്പായാണ് ഈ പദ്ധതിയെ സര്‍ക്കാര്‍ കാണുന്നത്.

മിഷന്‍ സമുദ്ര കേവലം ഒരു കപ്പല്‍ നിര്‍മാണ യൂണിറ്റില്‍ ഒതുങ്ങുന്ന പദ്ധതിയല്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പല്‍നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഓഫ്ഷോര്‍ ഫാബ്രിക്കേഷന്‍, മറൈന്‍ എഞ്ചിനീയറിംഗ്, തീരദേശ നിര്‍മ്മാണ യൂണിറ്റുകള്‍, ലോജിസ്റ്റിക്‌സ്, മാരിടൈം സേവനങ്ങള്‍ തുടങ്ങി അനുബന്ധ വ്യവസായങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ ചര്‍ച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയില്‍ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഔദ്യോഗികമായി നടത്തും.

കേരളത്തെ രാജ്യത്തെ പ്രമുഖ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥകളിലൊന്നായി ഉയര്‍ത്തുകയും അതിലൂടെ തൊഴിലവസരങ്ങളും വ്യവസായ വളര്‍ച്ചയും സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷന്‍ സമുദ്ര യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്
മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആഗോള നിലവാരത്തിലുള്ള മത്സരക്ഷമമായ മാരിടൈം മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം കേരളത്തില്‍ വികസിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments