ന്യൂഡല്‍ഹി: ‘ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ‘സിഗ്മ ഗ്യാങ്’ അട്ടിമറികള്‍ക്ക് ശ്രമിക്കും’പൊലീസിനു മാസങ്ങള്‍ക്ക് മുന്‍പ് ലഭിച്ച സന്ദേശം ഇങ്ങനെ. ആരാണ് സിഗ്മ ഗ്യാങ്? നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലെ ജില്ലകളില്‍ പ്രവര്‍ത്തനം. തട്ടിക്കൊണ്ടു പോകല്‍, ആയുധക്കടത്ത്, കൊലപാതകം, മോഷണം തുടങ്ങിയവ നടത്തുന്ന ക്രിമിനല്‍ സംഘം. ഓഡിയോ സന്ദേശങ്ങളിലൂടെ പൊലീസിനെ പരസ്യമായി വെല്ലുവിളിക്കും. ഇതിനെല്ലാമാണ് ഡല്‍ഹിയില്‍ അവസാനമായത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നടന്ന ഏറ്റുമുട്ടലില്‍ സിഗ്മ ഗാങ്ങിലെ 4 പേരെ പൊലീസ് വെടിവച്ചു വീഴ്ത്തി. രഞ്ജന്‍ പാഠക് (25), ബിംലേഷ് മഹാതോ(25), മനീഷ് പാഠക്(33), അമന്‍ ഠാക്കൂര്‍(25) എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പുലര്‍ച്ചെ 2.20നായിരുന്നു ഏറ്റുമുട്ടല്‍. രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ സംഘം പൊലീസിനു നേര്‍ക്കു വെടിയുതിര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു.
രഞ്ജന്‍ ആയിരുന്നു ‘സിഗ്മ ഗാങി’ന്റെ നേതാവ്. സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് മനീഷാണ്. ബിംലേഷാണ് ഷാര്‍പ് ഷൂട്ടര്‍. ഡല്‍ഹിയില്‍നിന്നുള്ളയാളാണ് അമന്‍. ഡല്‍ഹിബിഹാര്‍ പൊലീസ് സേനകള്‍ സംയുക്തമായാണ് സംഘത്തിനായി തിരച്ചില്‍ നടത്തിയത്. ബിഹാര്‍ പൊലീസില്‍നിന്ന് രക്ഷപ്പെടാനാണ് സംഘം ഡല്‍ഹിയിലെത്തിയത്. രഞ്ജന്‍ പാഠക്കിനെ പിടികൂടുന്നവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.




