മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വനിതാ ഡോക്ടര്‍ വ്യാജ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിട്ടെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. സത്താറയിലെ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 28കാരിയായ ഡോക്ടര്‍ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ചത്. സത്താറ എസ്‌ഐ ഗോപാല്‍ ബദാനെ നാലു തവണ തന്നെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്ന് ഡോക്ടര്‍ കൈവെള്ളയില്‍ എഴുതിവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സത്താറ സ്വദേശിയായ ഭാഗ്യശ്രീ മാരുതി പചാങ്‌നെ എന്ന സ്ത്രീ ഡോക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഭാഗ്യശ്രീയുടെ മകള്‍ ദീപാലി മാരുതി അജിന്‍ക്യ ഹന്‍മന്ത് നിംബല്‍ക്കര്‍ എന്ന സൈനികനെ വിവാഹം കഴിച്ചിരുന്നത്. ഓഗസ്റ്റ് 19ന് ദീപാലി ആത്മഹത്യ ചെയ്തിരുന്നു. മകളുടേത് കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്നും അജിന്‍ക്യയില്‍ നിന്നും വീട്ടുകാരില്‍നിന്നും മകള്‍ നിരന്തരം ശാരീരീകമാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും ഭാഗ്യശ്രീ പറയുന്നു. എന്നാല്‍ ദീപാലിയുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഭാഗ്യശ്രീ ആരോപിച്ചു.
‘മകളുടെ മരണം കഴിഞ്ഞ് 5 ദിവസത്തിനുശേഷവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയില്ല. ഓഗസ്റ്റ് 17നാണ് ദീപാലി ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് അജിന്‍ക്യയുടെ ഫോണ്‍ വരുന്നത്. ഗര്‍ഭിണിയായിരുന്ന ദീപാലി കുഴഞ്ഞു വീണതായിരിക്കുമെന്ന് കരുതിയാണ് ആശുപത്രിയിലെത്തിയത്. അവിടെ ചെന്നപ്പോഴാണ് അവള്‍ ജീവനൊടുക്കിയെന്ന് പറയുന്നത്. അതില്‍ സംശയമുണ്ട്. എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. അവള്‍ ആറുമാസം ഗര്‍ഭിണിയാണ്. ഒന്നര വയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്. അവളെ കൊന്നതാണ്’ഭാഗ്യശ്രീ പറഞ്ഞു.
അജിന്‍ക്യയുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി എന്നാണ് ഭാഗ്യശ്രീ ആരോപിക്കുന്നത്. കുറ്റവാളികള്‍ക്ക് വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പൊലീസും എംപിയുടെ പഴ്‌സനല്‍ അസിസ്റ്റന്റുമാരും സമ്മര്‍ദം ചെലുത്തിയിരുന്നതായി മരിച്ച ഡോക്ടര്‍ 4 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ആരോപിച്ചിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടറുടെ സഹായിയും സോഫ്റ്റ്വെയര്‍ എന്‍ജിനിയറുമായ പ്രശാന്ത് ബന്‍കര്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. ഡോക്ടറുടെ ആത്മഹത്യയെ തുടര്‍ന്ന് ബദാനെയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.




