സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായിക ശ്രുതി ശരണ്യം. സ്ഥിരം ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുകയാണെന്ന് ശ്രുതി കുറ്റപ്പെടുത്തി. ‘കേരള സ്റ്റേറ്റ് മസ്‌കുലിന്‍ അവാര്‍ഡുകള്‍’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
സ്ത്രീപക്ഷ സിനിമകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ശ്രുതി ശരണ്യത്തിന്റെ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. കാന്‍, സോള്‍ പോലുള്ള ചലച്ചിത്രമേളകളില്‍ തരംഗം സൃഷ്ടിച്ച സ്ത്രീപക്ഷ സിനിമകള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ തഴയപ്പെട്ടു. ഇത്തവണത്തെ അവാര്‍ഡില്‍ സ്വതന്ത്രസിനിമകളെ തഴഞ്ഞതിനെ കുറിച്ചും ശ്രുതി ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഫെസ്റ്റിവല്‍ എന്‍ട്രികളുമാണ് സ്വതന്ത്ര സിനിമകള്‍ക്കുള്ള ഇന്ധനമെന്നും, ദേശീയപുരസ്‌കാരങ്ങളില്‍ നിലവില്‍ വിശ്വാസം ഇല്ലെന്നിരിയ്‌ക്കെ സംസ്ഥാനചലച്ചിത്രപുരസ്‌കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്രചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നുവെന്നും ശ്രുതി പറയുന്നു.
ശ്രുതി ശരണ്യത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകള്‍ ഉണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്‍മാന്‍ തന്നെ പറഞ്ഞത്. എന്നിട്ട് അവര്‍ ഒരു ‘ഹൊയ്ഡെനിഷ്’ സിനിമയ്ക്കുമേല്‍ അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ, ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഘോഷിക്കുന്നു. ‘ബഹുമാനപ്പെട്ട’ ജൂറിക്കു മെയില്‍ ഗെയ്സ് (പുരുഷ നോട്ടം) എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം’.




