ശബരിമല: വൃശ്ചിക പുലരിയില്‍ അയ്യനെ കാണാന്‍ പൊന്നമ്പല മേട്ടില്‍ ആയിരങ്ങള്‍. ഭക്തരുടെ നീണ്ട ക്യൂവാണ് ശ്രീകോവിലിനു മുന്നില്‍. പമ്പയിലും നിലയ്ക്കലിലും തിരക്കുണ്ട്. നിലയ്ക്കലിലെ പാര്‍ക്കിങ് ഇന്നലെ രാത്രി തന്നെ നിറഞ്ഞിരുന്നു. പുതിയ മേല്‍ശാന്തിയായ ചാലക്കുടി വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി.പ്രസാദ് (47) ആണ് ഇന്ന് ശബരിമല നട തുറന്നത്.
അതേസമയം, സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന് ശബരിമലയില്‍ നടക്കും. എസ്പി എസ്.ശശിധരനും സംഘവും ഇന്നലെ ശബരിമല സന്നിധാനത്തെത്തി. ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവിടങ്ങളില്‍ പൂശിയ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും സാംപിളുകള്‍ ശേഖരിക്കും. ഒപ്പം 1998ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ ഭാഗത്തു നിന്നും സാംപിളുകള്‍ ശേഖരിക്കും.
നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവും ഗുണവും പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണസംഘത്തിന്റെ നീക്കം. ചെമ്പുപാളികള്‍ മാറ്റിവച്ചോ എന്നത് കണ്ടെത്താല്‍ ചെമ്പുപാളികളില്‍ ശാസ്ത്രീയ പരിശോധനയും നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചശേഷമാണ് തന്ത്രിയുടെ അനുമതിയോടെയുള്ള സാംപിള്‍ ശേഖരണം.




