കൊച്ചി: കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോര്‍ കസ്റ്റഡിയില്‍. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ തന്നെ ലിസ്റ്റില്‍ പെട്ട ആളാണ്. മുന്‍പ് കേരളത്തില്‍ ഒരു വലിയ മോഷണം നടത്തുകയും അതില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത വ്യക്തി ആയതുകൊണ്ട് തന്നെ ഇയാളുടെ സാന്നിധ്യം സംശയാസ്പദമായിട്ടാണ് പോലീസ് കാണുന്നത്.
ഹൈക്കോടതിയില്‍ ഒരു കേസ് ആവശ്യത്തിന് ഹാജരാകാന്‍ വേണ്ടിയാണ് താന്‍ കേരളത്തില്‍ എത്തിയത് എന്നാണ് ബണ്ടി ചോര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍, ഈ കേസ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് നിലവില്‍ ഈ കാര്യങ്ങള്‍ പരിശോധിക്കുകയാണ്.
നിലവില്‍ ബണ്ടി ചോര്‍ പോലീസ് കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. കേരളത്തില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ഒരു ബാഗ് മാത്രമാണ് കയ്യില്‍ കരുതിയിരുന്നത്. ഈ ബാഗില്‍ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഷണത്തില്‍ ഉപയോഗിക്കുന്ന ടൂളുകളോ മറ്റ് സംശയിക്കാവുന്ന ഉപകരണങ്ങളോ ഒന്നും തന്നെ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പ്രാഥമികമായി നല്‍കുന്ന വിവരത്തില്‍ പറയുന്നു.
എന്ത് ലക്ഷ്യത്തോടെയാണ് ഈ വരവ് എന്ന ചോദ്യമാണ് പോലീസിനെ പ്രധാനമായും കുഴയ്ക്കുന്നത്. ഇയാളെ മുമ്പ് ആലപ്പുഴയില്‍ കണ്ടതായി സൂചന ലഭിച്ചിരുന്നുവെങ്കിലും അന്ന് നടത്തിയ പരിശോധനയില്‍ പോലീസിന് ബണ്ടി ചോറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.




