ഗാന്ധിനഗര്‍: ബാബ്റി മസ്ജിദിന്റെ നിര്‍മാണത്തിന് പൊതുപണം ഉപയോഗിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു താല്‍പര്യപ്പെട്ടിരുന്നെന്നും എന്നാല്‍, അത് നടക്കാതിരുന്നതിന് കാരണം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ആയിരുന്നെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പട്ടേലിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാന്‍ സാധാരണക്കാര്‍ പണം സമാഹരിച്ചിരുന്നെന്നും എന്നാല്‍, പണം റോഡുകളും കിണറുകളും നിര്‍മിക്കാന്‍ വിനിയോഗിക്കാന്‍ നെഹ്റു നിര്‍ദേശിച്ചുവെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വഡോദരയിലെ സാധ്ലി ഗ്രാമത്തില്‍ സംഘടിപ്പിച്ച ഏകതാമാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. യഥാര്‍ഥ പുരോഗമനവാദിയും പ്രീണനരാഷ്ട്രീയത്തില്‍ വിശ്വസിക്കാത്ത മതേതര വ്യക്തിയുമായിരുന്നു പട്ടേല്‍ എന്നും അദ്ദേഹം പറഞ്ഞു. പൊതുപണം ഉപയോഗിച്ച് ബാബ്റി മസ്ജിദ് (അയോധ്യയില്‍) നിര്‍മിക്കാന്‍ ജവഹര്‍ ലാല്‍ നെഹ്റു താല്‍പര്യപ്പെട്ടിരുന്നു. ആരെങ്കിലും ആ നിര്‍ദേശത്തെ എതിര്‍ത്തെങ്കില്‍ അത്, ഗുജറാത്തിയായ അമ്മയുടെ മകനായ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ ആയിരുന്നു. പൊതുപണം ഉപയോഗിച്ച് ബാബ്റി മസ്ജിദ് നിര്‍മിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല, രാജ്നാഥ് സിങ് പറഞ്ഞു.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുന്ന വിഷയം നെഹ്റു ഉന്നയിച്ചപ്പോള്‍, ക്ഷേത്രത്തിന്റെ കാര്യം വ്യത്യസ്തമാണെന്നും കാരണം അതിന്റെ നവീകരണത്തിന് ആവശ്യമായ മുപ്പത് ലക്ഷം രൂപ സാധാരണക്കാര്‍ സംഭാവന ചെയ്തതാണെന്നും പട്ടേല്‍ വിശദീകരിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. പട്ടേലിന് പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ ഒരു പദവിക്കുവേണ്ടിയും മോഹിച്ചിരുന്നില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.




