Tuesday, July 21, 2026
Google search engine
HomeSport'ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് സംസാരിക്കില്ല'; അന്ന് ഹര്‍മന്‍പ്രീതിനെ സ്മൃതി ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തി ജമീമ

‘ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് സംസാരിക്കില്ല’; അന്ന് ഹര്‍മന്‍പ്രീതിനെ സ്മൃതി ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തി ജമീമ

മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ആദ്യമായി മുത്തമിട്ട വര്‍ഷമാണ് 2025. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. വനിതാ ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ; നേരത്തേ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ ലോകജേതാക്കളായിട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ കന്നിക്കിരീടനേട്ടം രാജ്യമാകെ വന്‍ ആഘോഷമായിരുന്നു. താരങ്ങളുടെ ആഹ്ലാദപ്രകടനങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലോകകപ്പ് ട്രോഫി സ്വീകരിക്കുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയ ഭംഗര നൃത്തവും സമൂഹമാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു. ഐസിസി ചെയര്‍മാന്‍ ജയ് ഷായില്‍നിന്നു ട്രോഫി സ്വീകരിക്കാന്‍ സ്റ്റേജിയില്‍ കയറിയപ്പോഴാണ് പഞ്ചാബി നൃത്തരൂപമായ ഭംഗരയിലെ ചില ചുവടുകള്‍ ഹര്‍മന്‍പ്രീത് വച്ചത്.
ഇപ്പോഴിതാ, ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥനയുടെ നിര്‍ബന്ധം മൂലമാണ് ഹര്‍മന്‍പ്രീത് ഡാന്‍സ് കളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരമായ ജമീമ റോഡ്രിഗസ്. കൊമേഡിയന്‍ കപില്‍ ശര്‍മ അവതാരകനായ ദ് ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ എപ്പിസോഡിലാണ് ജമീമയുടെ വെളിപ്പെടുത്തല്‍. ഷോയില്‍ സ്മൃതി ഉണ്ടായിരുന്നില്ലെങ്കിലും, ടീമില്‍ താരത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്ന സംഭവങ്ങള്‍ ജമീമയും ഹര്‍മന്‍പ്രീതും പങ്കുവച്ചു.
യുവതാരങ്ങളില്‍ നിന്ന് ഹര്‍മന്‍പ്രീത് വളരെ അപൂര്‍വമായി മാത്രമേ നിര്‍ദേശങ്ങള്‍ സ്വീകരിക്കാറുള്ളൂ എന്ന് ജമീമ തമാശരൂപേണ പറഞ്ഞു. എങ്കിലും സ്മൃതിക്ക് ഒരു പ്രത്യേക സ്ഥാനം ഉള്ളതായി തോന്നുന്നുണ്ടെന്നും സ്മൃതിയുടെ നിര്‍ദേശപ്രകാരമാണ് ട്രോഫി സ്വീകരിക്കുന്നതിനു മുന്‍പ് ഭംഗര അവതരിപ്പിക്കാന്‍ ഹര്‍മന്‍പ്രീത് തയാറായതെന്നും ജമീമ പറഞ്ഞു. ജമീമയും ഹര്‍ലീനും ചേര്‍ന്നാണ് താന്‍ ഡാന്‍സ് കളിക്കാന്‍ പ്ലാന്‍ ചെയ്തതെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞപ്പോഴാണ് ജമീമ, സ്മൃതിയുടെ ‘ഭീഷണി’യെക്കുറിച്ച് വെളിപ്പെടുത്തിയത്.
”ഇല്ല, അത് സ്മൃതി ആയിരുന്നു. ഹാരിദീ എന്തായാലും ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കാറില്ല. തുടക്കത്തില്‍ ഹാരിദീ മടിച്ചുനിന്നു, പക്ഷേ പിന്നീട് സ്മൃതി പ്രഖ്യാപിച്ചു, ‘ട്രോഫി ഉയര്‍ത്തുമ്പോള്‍ നിങ്ങള്‍ ഭംഗര കളിച്ചില്ലെങ്കില്‍, ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് സംസാരിക്കില്ല.’ അതോടെയാണ് ഡാന്‍സ് കളിക്കാന്‍ ഹര്‍മന്‍പ്രീത് സമ്മതിച്ചതെന്ന് ജമീമ വ്യക്തമാക്കി.
ലോകകപ്പ് നേടിയതിനു പിന്നാലെ നടന്ന ആഘോഷങ്ങളെക്കുറിച്ചും ജമീമ വിശദീകരിച്ചു. ”വിജയിച്ചതിനുശേഷം, ഞങ്ങള്‍ക്ക് ആവേശം അടക്കാന്‍ കഴിഞ്ഞില്ല, നൃത്തം തുടര്‍ന്നു. ഉറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. അത്താഴം കഴിച്ച ശേഷം പുലര്‍ച്ചെ 3:30 വരെ ഞങ്ങള്‍ മൈതാനത്ത് ആഘോഷം തുടര്‍ന്നു. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്തതിനാല്‍ ഞങ്ങള്‍ പോകാന്‍ നിര്‍ബന്ധിതരായി. പക്ഷേ പുലര്‍ച്ചെ വരെ ഒരുമിച്ച് നിന്നു.” ജമീമ വിവരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments